ഓപ്പറേഷൻ ഡി ഹണ്ട്: 149 പേർ കൂടി അറസ്റ്റിൽ; ഒരു മാസത്തിനിടെ പിടിച്ചത് 7.09 കോടി രൂപയുടെ ലഹരി വസ്തുക്കൾ

തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ 114 കേസുകളിലായി 149 പേർകൂടി അറസ്റ്റിൽ. ആകെ 26.17 ഗ്രാം എംഡിഎംഎ, 533 ഗ്രാം കഞ്ചാവ്, 100 കഞ്ചാവ് ബീഡികൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2276 പേരെയാണ് കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേയമാക്കിയത്.

 

കഴിഞ്ഞ മാസത്തിനിടെ ലഹരിമരുന്ന് പരിശോധനയുടെ ഭാഗമായി 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്സൈസ് പിടികൂടിയത്. അബ്കാരി കേസുകളിൽ ഒളിവിലായിരുന്ന പ്രതികൾ ഉൾപ്പെടെ 1501 പേരെയും ലഹരിമരുന്ന് കേസുകളിലായി 1316 പേരെയും എക്സൈസ് അറസ്റ്റ് ചെയ്തു. 1686 അബ്കാരി കേസുകളും 1313 ലഹരിമരുന്ന് കേസുകളും 7483 പുകയില കേസുകളും ഉൾപ്പെടെ 10,495 കേസുകളാണ് കഴിഞ്ഞ മാസം മാത്രം എക്സൈസ് റജിസ്റ്റർ ചെയ്തത്.

 

വിവിധ കേസുകളിലായി 566.08 ഗ്രാം എംഡിഎംഎ, 121.01 ഗ്രാം ഹെറോയിൻ, 143.67 ഗ്രാം മെത്താഫിറ്റമിൻ, 215.47 ഗ്രാം ഹഷീഷ്, 574.7 ഗ്രാം ഹഷീഷ് ഓയിൽ, 16 ഗ്രാം ബ്രൗൺ ഷുഗർ, 2.4 ഗ്രാം എൽഎസ്ഡി, 54.97 ഗ്രാം നൈട്രോസെഫാം ഗുളികകൾ, 286.65 കിലോ കഞ്ചാവ്, 148 കിലോ കഞ്ചാവ് കലർന്ന ചോക്കലേറ്റ്, 59.4 ഗ്രാം, ഹൈബ്രിഡ് കഞ്ചാവ്, 22 ഗ്രാം ചരസ്, 96.8 ഗ്രാം കഞ്ചാവ് കലർന്ന ഭാങ് എന്നിവയും എക്സൈസ് പിടിച്ചെടുത്തു. ഇതിനു പുറമേ 16997 ലീറ്റർ സ്പിരിറ്റ്, 290.25 ലീറ്റർ ചാരായം, 4486.79 ലീറ്റർ അനധികൃത വിദേശമദ്യം, 964.5 ലീറ്റർ വ്യാജ കള്ള്, 11858 ലിറ്റർ വാഷ്, 4252.39 കിലോ പുകയില ഉൽപന്നങ്ങൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.

 

ലഹരിമരുന്ന് പരിശോധനയുടെ ഭാഗമായി നടത്തിയ തിരച്ചിലുകളിൽ 1174 ഗ്രാം സ്വർണവും 1.41 കോടി രൂപയും 150 വെടിയുണ്ടകളും എക്സൈസ് കണ്ടെത്തി. പുകയില കേസുകളിൽ 14.94 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ലഹരി മരുന്നിനെതിരെ ശക്തമായ പ്രതിരോധം തീർത്ത എക്സൈസിനെയും പൊലീസ് ഉൾപ്പെടെയുള്ള മറ്റു സേനകളെയും മന്ത്രി എം.ബി. രാജേഷ് അഭിനന്ദിച്ചു. വിഷു, ഈസ്റ്റർ ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ വിപുലമായ പരിശോധനകളും നടപടികളും തുടരണമെന്നും മന്ത്രി നിർദ്ദേശിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *