ഊട്ടി: തമിഴ്നാട്ടിലെ നീലഗിരിയിലേക്ക് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഏർപ്പെടുത്തിയ ഇ–പാസ് പരിശോധനയിൽ വലഞ്ഞ് മലയാളികൾ. അവധി ദിവസങ്ങളായതിനാൽ നിരവധിപ്പേരാണ് ഊട്ടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പോകുന്നത്. തമിഴ്നാട്ടിലേക്കു പ്രവേശിക്കുന്ന എല്ലാ ചെക്പോസ്റ്റുകളിലും പരിശോധനയ്ക്കു ശേഷം മാത്രമാണ് യാത്രക്കാരെ കടത്തി വിടുന്നത്. പാസില്ലാത്തതിനാൽ നിരവധി പേർക്കു മടങ്ങിപ്പോകേണ്ടി വരുന്നു.
വയനാട് ജില്ലയിൽനിന്ന് തമിഴ്നാട്ടിലേക്കു പ്രവേശിക്കുന്ന പാട്ടവയൽ, നമ്പ്യാർകുന്ന്, താളൂർ, ചോലാടി ചെക് പോസ്റ്റുകളിലാണു പരിശോധന തുടങ്ങിയത്. മലപ്പുറം ജില്ലയിൽനിന്ന് നാടുകാണി ചുരം വഴി പ്രവേശിക്കുന്നിടത്തും പരിശോധനയുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരിൽ ഭൂരിഭാഗവും നാടുകാണി വഴിയാണ് നീലഗിരിയിലേക്കു പ്രവേശിക്കുന്നത്. ചെക്പോസ്റ്റിൽ മണിക്കൂറുകളോളം കാത്തു കിടന്നശേഷം മടങ്ങിപ്പോയവരും നിരവധിയാണ്. ഇതിനിടെ സെർവർ തകരാറിലായാൽ പരിശോധന പൂർണമായി മുടങ്ങുകയും വാഹനങ്ങൾ കടത്തി വിടുന്നതു നിർത്തുകയും ചെയ്യും.
പ്രവൃത്തി ദിവസങ്ങളിൽ 6,000, അവധി ദിവസങ്ങളിൽ 8,000 എന്നിങ്ങനെയാണ് നീലഗിരിയിലേക്കു പ്രവേശിക്കാവുന്ന വാഹനങ്ങളുടെ എണ്ണം നിജപ്പെടുത്തിയിട്ടുള്ളത്. നീലഗിരിയിൽ സ്ഥിര താമസമായവർക്ക് ഇ-പാസിന്റെ ആവശ്യമില്ല. എന്നാൽ നീലഗിരിയിലേക്കുള്ള എട്ട് ചെക്പോസ്റ്റുകൾ വഴിയെത്തുന്ന സഞ്ചാരികൾക്ക് ഇ-പാസ് നിർബന്ധമാണ്. ഊട്ടി അടക്കമുള്ള നീലഗിരി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നതിൽ ഭൂരിഭാഗവും മലയാളികളാണ്. ഇ പാസുകൾ ഉച്ചയോടെ തീർന്നതിനാൽ നിരവധിപ്പേർക്ക് നാടുകാണിയിൽ നിന്ന് മടങ്ങിപ്പോകേണ്ടി വന്നു.
ഇ–പാസിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇ– പാസ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും വ്യാപാരികളും നീലഗിരിയിൽ ഹർത്താൽ നടത്തി. പാസ് നിർബന്ധമാക്കിയതോടെ നിരവധിപ്പേർ യാത്ര ഒഴിവാക്കിയതിനാൽ നീലഗിരിയിലെ ടൂറിസം മേഖലയ്ക്കു കനത്ത തിരിച്ചടിയാണ്. അവധിക്കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണം മൂലം വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരും ദുരിതത്തിലായി.