മലപ്പുറം: നിലമ്പൂർ വനത്തിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പുഴ വനത്തിൽ അര്‍ധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്‍റെസഹായത്താൽ കാറിൽ സഞ്ചരിച്ച യാത്രക്കാരായ വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപരായ ഫൗസി , ഷുഹൈബ്, മുസ്ഫർ, ഷമീം , അസിം എന്നിവരാണ് വനത്തിൽ മണിക്കൂറുകളോളം കുടുങ്ങിയത്.
സഹപ്രവർത്തകന്‍റെ കല്യാണ വീട് സന്ദർശിച്ചശേഷം തിരിച്ചുവരുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി ഓഫാകുകയും ചെയ്തു. ഇതോടെ സംഘം വനത്തിൽ മണിക്കൂറുകളോളം കുടുങ്ങി.
ഗൂഗിൾ മാപ്പ് കാണിച്ച വഴിയിലൂടെ കൈപ്പിനി- അകംപാടം വഴിയാണ് ഇവർ സഞ്ചരിച്ചത്. എന്നാൽ, വഴിതെറ്റി കരിമ്പുഴ വനത്തിനുള്ളിലൂടെയായി സഞ്ചാരം. രാത്രിയായതോടെ ശക്തമായ മഴയും പെയ്തു. വഴിയിലെ ചെളിയിൽ കാറിന്‍റെ ടയർ പുതഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതായി. വന്യമൃഗങ്ങളുള്ള വനത്തിൽ കുടുങ്ങിയ സംഘം നിലമ്പൂർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി അധ്യാപകരെയും വാഹനത്തെയും പുറത്തെത്തിക്കുകയായിരുന്നു. ചെളിയിൽ പൂണ്ട കാർ കെട്ടിവലിച്ചാണ് പുറത്തെടുത്തത്