ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം ഇന്നലെ അർധരാത്രിക്കു ശേഷമാണ് സേന നടത്തിയത്. മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്‌ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു വിവരം. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലഷ്കറെ തയിബയുടെ ആസ്ഥാനമാണ് മുരിഡ്‌ക്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവൽപുർ. നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു.
പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളൊന്നും തങ്ങൾ ലക്ഷ്യംവച്ചില്ലെന്നും വിഷയത്തിൽ കൂടുതൽ ആക്രമണപദ്ധതി നിലവിലില്ലെന്നും കേന്ദ്ര സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ത്യ ഇന്നു പുറത്തുവിടും.