സി ബി എസ് ഇ പരീക്ഷാഫലം അടുത്ത ആഴ്ച പ്രസിദ്ധീകരിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കഴിഞ്ഞ വർഷം, 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ഫലം മേയ് 13 നാണ് പ്രഖ്യാപിച്ചത്. ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ, ഡിജിലോക്കർ വഴി വിദ്യാർത്ഥികൾക്ക് മാർക്ക് ഷീറ്റും മൈഗ്രേഷൻ സർട്ടിഫിക്കറ്റുകളും നൽകും. സ്കൂൾ നൽകുന്ന ആറ് അക്ക ആക്‌സസ് കോഡ് വഴി വിദ്യാർത്ഥികൾക്ക് അവരുടെ ഡിജിലോക്കർ അക്കൗണ്ടുകളിലേക്ക് ആക്‌സസ് ചെയ്യാൻ കഴിയും.
ഈ വർഷം ഫെബ്രുവരി 15 നാണ് 10, 12 ക്ലാസുകളിലെ പരീക്ഷകൾ തുടങ്ങിയത്. 10-ാം ക്ലാസ് പരീക്ഷകൾ മാർച്ച് 18 നും 12-ാം ക്ലാസിലെ പരീക്ഷകൾ ഏപ്രിൽ 4 നും അവസാനിച്ചു. ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി 7842 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
കഴിഞ്ഞ വർഷം ആകെ 22.39 ലക്ഷം വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതി. പരീക്ഷ എഴുതിയവരിൽ ഏകദേശം 93.6% പേർ (20.95 ലക്ഷം വിദ്യാർത്ഥികൾ) വിജയിച്ചു. 2023 നെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.48% നേരിയ വർധനവ് ഉണ്ടായി. പെൺകുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. പെൺകുട്ടികളുടെ വിജയശതമാനം ആൺകുട്ടികളേക്കാൾ 2% കൂടുതലായിരുന്നു. കഴിഞ്ഞ വർഷം പത്താം ക്ലാസിൽ ഏകദേശം 2.12 ലക്ഷം വിദ്യാർത്ഥികൾ 90% ൽ കൂടുതൽ സ്കോർ നേടിയിരുന്നു, അതേസമയം 47,983 വിദ്യാർത്ഥികൾ 95% ൽ കൂടുതൽ സ്കോർ നേടി, 2023 ൽ ഇത് 44,297 ആയിരുന്നു.
കഴിഞ്ഞ വർഷം 12-ാം ക്ലാസിൽ ആകെ 16.21 ലക്ഷം കുട്ടികൾ പരീക്ഷ എഴുതി, അതിൽ 87.98% പേർ വിജയിച്ചു. ആകെ 1.16 ലക്ഷം വിദ്യാർത്ഥികൾ 90% ൽ കൂടുതൽ മാർക്ക് നേടിയപ്പോൾ 24,068 വിദ്യാർത്ഥികൾ 95% ൽ കൂടുതൽ മാർക്ക് നേടിയതായി സിബിഎസ്ഇ ഡാറ്റ കാണിക്കുന്നു.