തമിഴ്‌നാട്ടിലെ പൊള്ളാച്ചി കൂട്ടബലാത്സംഗ കേസില്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിധി വന്നു. നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ഒന്‍പത് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോയമ്പത്തൂരിലെ മഹിളാ പ്രത്യേക കോടതി പ്രതികള്‍ക്ക് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചു. ജസ്റ്റിസ് ആര്‍. നന്ദിനി ദേവിയാണ് വിധി പറഞ്ഞത്. ഇരകളായ എട്ട് യുവതികള്‍ക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
2019-ല്‍ പ്രതികള്‍ നിരവധി സ്ത്രീകളെ സൗഹൃദം നടിച്ച് പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തതായാണ് കേസ്. പ്രതികളായ തിരുനാവുക്കരുശു, ശബരീശന്‍, വസന്തകുമാര്‍, സതീഷ്, മണിവണ്ണന്‍, ഹരന്‍പോള്‍, ബാബു, അരുളനന്തം, അരുണ്‍ കുമാര്‍ എന്നിവര്‍ ഒന്നിലധികം നിയമവകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
2019-ല്‍ കൂട്ടബലാത്സംഗത്തിന് ഇരയായ കോളേജ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതി തുടര്‍ന്നാണ് മനസ്സാക്ഷിയെ നടുക്കുന്ന പൊള്ളാച്ചി പീഡനക്കേസ് പുറത്തുവരുന്നത്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായും ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടികളെ സൗഹൃദം നടിച്ച് വലയിലാക്കി സംഘടിതമായി പീഡിപ്പിക്കുന്ന ഒരു സംഘം ഇതിനുപിന്നിലുള്ളതായി കണ്ടെത്തി.പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ വീഡിയോ പുറത്തുവന്നതോടെ തമിഴ്‌നാട്ടില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.
2016 നും 2019നും ഇടയിൽ പൊള്ളാച്ചിയിലെ ഇരുന്നൂറിലധികം കോളജ് വിദ്യാർഥിനികളാണ് പീഡനത്തിനിരയായത്. സോഷ്യൽ മീഡിയ വഴി വിദ്യാർഥിനികളെ പരിചയപെട്ട് പ്രണയം നടിച്ച് പീഡിപ്പിക്കുകയാണ് ഒരു സംഘം ചെയ്തിരുന്നത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും പലരെയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പെൺകുട്ടികളെ പരിചയപ്പെട്ട് വലയിലാക്കുകയാണ് സംഘത്തിന്റെ പതിവ്. സ്ത്രീകളുടെ തന്നെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പ്രതികൾ ഫേസ്ബുക്കിലൂടെ പെൺകുട്ടികളെ പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിക്കും.
പൊള്ളാച്ചി സ്വദേശിയായ കോളജ് വിദ്യാർഥിനിയുടെ പരാതിയിലാണ് സംഭവം പുറംലോകം അറിഞ്ഞത്.