മാനന്തവാടി ; പിലാക്കാവ് മണിയൻകുന്നിൽ നിന്നും കാണാതായ ലീല (77) യെ ഇന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തിങ്കളാഴ്‌ച വൈകീട്ട് 3.30 മുതലാണ് മാനസിക അസ്വാസ്ഥ്യമുള്ള ഇവരെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ വനമേഖലയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ഇവരുടെ ചിത്രം പതിഞ്ഞതായി കണ്ടെത്തിയിരുന്നു. തുടർന്ന് വനംവകുപ്പിൻ്റേയും ആർആർടിയുടേയും പൊലീസിന്റേയും സഹായത്തോടെ ഇന്നും രാവിലെ മുതൽ വൈകീട്ട് വരെ വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. പൊലീസ് ഡോഗ് സ്ക്വാഡിന്റേയും ഡ്രോണിൻ്റേയും സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്.
മാനന്തവാടി പ്രിൻസിപ്പൽ എസ്ഐ എം സി പവനൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്ന് തിരഞ്ഞത്. കൂടാതെ നോർത്ത് വയനാട് ആർആർടി അംഗങ്ങളും നാട്ടുകാരും തിരച്ചിലിൽ പങ്കാളിയായി. മാനന്തവാടി അഗ്‌നിരക്ഷാസേനയെത്തി സമീപത്തെ ഉപയോഗശൂന്യമായ ക്വാറിക്കുളത്തിലും തിരച്ചിൽ നടത്തി. മാസങ്ങള്‍ക്ക് മുൻപ് കടുവ പശുവിനെ കൊന്ന പ്രദേശമാണിത്. ലീലയ്ക്ക് മാനസീകാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് വിവരം. ലീലയും ഭര്‍ത്താവും മാത്രമാണ് ഇവിടെ താമസം. മക്കളൊക്കെ മാറി താമസിക്കുകയാണ്.