ഊട്ടി: ലോക പ്രശസ്തമായ ഊട്ടി പുഷ്പമേളയ്ക്ക് വർണാഭമായ തുടക്കം. സസ്യോദ്യാനത്തിൽ നടക്കുന്ന മേള മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. മേള കാണാൻ സഞ്ചാരികൾ ഒഴുകിയെത്താൻ തുടങ്ങി. പൂക്കൾ കൊണ്ട് ഒരുക്കിയ വിവിധ രൂപങ്ങളാണ് മേളയിലെ മുഖ്യ ആകർഷണം. രണ്ടു ലക്ഷം കാർനേഷ്യം, ജമന്തി പൂക്കൾകൊണ്ട് 75 അടി വീതിയിലും 25 അടി ഉയരത്തിലും ഒരുക്കിയ രാജരാജചോഴന്റെ കൊട്ടാരമാതൃക ഏവരുടെയും മനം കവരും.
എട്ടടി ഉയരത്തിൽ 50400 പൂക്കൾകൊണ്ട് ഒരുക്കിയ അരയന്നത്തിന്റെ മാതൃക, ആന, ഊഞ്ഞാൽ, സിംഹാസനം, സെൽഫി സ്പോട്ട്, വെള്ളച്ചാട്ടത്തിന്റെ മാതൃക എന്നിവ മേളയ്ക്ക് മാറ്റ് കൂട്ടുന്നു.നിലവിലെ പൂച്ചെടികൾക്കുപുറമേ 30,000 ചട്ടികളിൽ വിടർന്നുനിൽക്കുന്ന വിവിധയിനം പൂക്കളും സഞ്ചാരികളെ ആകർഷിക്കും. മേളയുടെ ഭാഗമായി ഉദ്യാനം മുഴുവൻ അലങ്കരിച്ചിട്ടുണ്ട്
ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഭാര്യ ദുർഗ, സ്റ്റാലിന്റെ സഹോദരപുത്രി പൂങ്കുഴലി എന്നിവർക്കു പുറമേ മന്ത്രിമാരായ എം.ആർ.കെ. പന്നീർശെൽവം, എം.പി. സാമിനാഥൻ, ചീഫ് വിപ്പ് കെ. രാമചന്ദ്രൻ, എ. രാജ എം പി, കളക്ടർ ലക്ഷ്മി ഭവ്യ തനീരു എന്നിവരും പങ്കെടുത്തു.
ഊട്ടിയിലെ തോഡർ, കോത്തർ, ബഡുകർ, തിബത്തിയൻസ് എന്നിവർ പരമ്പരാഗത നൃത്തം അവതരിപ്പിച്ചു. ഹോർട്ടിക്കൾച്ചർ വകുപ്പിന് പുറമെ, കൃഷി, വനം, ടൂറിസം, ഗോത്രവിഭാഗം തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പൂക്കളുടെ സ്റ്റാളുകൾ മേളയിലുണ്ട്. 25 വരെയാണ് മേള.