കോഴിക്കോട്: കായക്കൊടി എള്ളിക്കാപ്പാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. സെക്കന്റുകൾ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുവിട്ടിറങ്ങി. റവന്യൂ ഉദ്യോഗസ്ഥരോട് സ്ഥലത്ത് പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസറും പോലീസും ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. കായക്കൊടി ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലാണ് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്. മിനിയാന്നും ഇന്നലെ രാത്രിയും നേരിയ പ്രകമ്പനം അനുഭവപ്പെട്ടതിനാൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്.
കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിക്ക് ചെറുതായി അനുഭവപ്പെട്ട ഭൂചലനം ഇന്നലെ രാത്രി എട്ടുമണിയോടെ വീണ്ടും കുറച്ചു കൂടി ശക്തിയിലാണ് അനുഭവപ്പെട്ടത്. എളളിക്കാംപാറ കാവിൻ്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി കായക്കൊടിയിലെ തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് പറയുന്നു. വീട്ടിലെ കസേര ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് ചലനമുണ്ടാവുകയും കട്ടിലിൽ കിടക്കുകയായിരുന്ന വീട്ടുകാർക്ക് തലക്ക് അടി കിട്ടിയത് പോലെ അനുഭവപെട്ടതായും പ്രദേശവാസികൾ പറഞ്ഞു. അടുക്കളയിൽ നിൽക്കുകയായിരുന്ന വീട്ടമ്മയ്ക്ക് കാലിൽ തരിപ്പ് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ പ്രത്യേക സംഘത്തെ പ്രദേശത്തേക്ക് അയക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.