ബത്തേരി : മുത്തങ്ങയിൽ വാഹന പരിശോധന നടത്തവെ മിനി ലോറിയിൽ കടത്തിക്കൊണ്ടുവന്ന മൂന്നര ടണ്ണോളം (3495 കി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി . മുൻ കഞ്ചാവ് കേസ് പ്രതി മാനന്തവാടി വാളാട് സഫീർ എൻ.എ ഓടിച്ചു വന്ന ട്രക്കിൽ കാലിതീറ്റയാണ് ലോഡ് എന്ന് പറഞ്ഞതിൽ സംശയം തോന്നുകയായിരുന്നു. കവറിങ്ങ് ലോഡ് ആയ 40 ചാക്ക് ബിയർ വേസ്റ്റ് കൊണ്ട് മറച്ച രീതിയിൽ 15 കിലോഗ്രാം വരുന്ന 133 പ്ലാസ്റ്റിക് ചാക്കുകളിലും 30 കിലോഗ്രാം വരുന്ന 50 ചണ ചാക്കുകളിലുമായി ഒരു തരത്തിലും പുറത്ത് നിന്ന് കണ്ടു പിടിക്കാൻ പറ്റാത്ത നിലയിൽ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉത്പ്പന്നങ്ങൾ കടത്തി കൊണ്ട് വന്നത്.
കവറിങ്ങ് ലോഡ് മാറ്റി നോക്കിയതിലാണ് പുകയില ഉത്പ്പന്നങ്ങൾ കണ്ടെത്തിയത് .എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് , അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സൈമൺ കെ.എം പ്രിവൻ്റീവ് ഓഫീസർ ജിനോഷ് പി.ആർ സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് ഇ.ബി വിപിൻ പി എന്നിവർ പരിശോധന നടത്തിയ പാർട്ടിയിലുണ്ടായിരുന്നു. സ്ട്രൈക്കിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ സാബു സി ഡി സിവിൽ എക്സൈസ് ഓഫീസർ ശശികുമാർ പി.എൻ എന്നിവരും പരിശോധനയ്ക്ക് സഹായിക്കാൻ സ്ഥലത്തെത്തി .പിടിച്ചെടുത്ത വാഹനവും പുകയില ഉത്പ്പന്നങ്ങളും പ്രതി സഹിതം സുൽത്താൻ ബത്തേരി എസ് എച്ച്.ഒ യ്ക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചു.