സംസ്ഥാനത്ത് പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് സമർപ്പിച്ച അപേക്ഷകളിൽ ഓപ്ഷൻ ഉൾപ്പെടെ തിരുത്തലിന് ഇന്ന് അവസാന അവസരം. 28ന് വൈകിട്ട് അഞ്ചുവരെ ട്രയൽ അലോട്ട്മെൻ്റ് ലിസ്റ്റ് പരിശോധിച്ച് ക്യാൻഡിഡേറ്റ് ലോഗിനിലെ ‘എഡിറ്റ് ആപ്ലിക്കേഷൻ’ വഴി തിരുത്തൽ നടത്താം.
ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ ഉപയോഗിച്ച വിവരങ്ങൾ ഒഴികെ ബാക്കിയുള്ളവയെല്ലാം മാറ്റാവുന്നതാണ്. ട്രയൽ അലോട്ട്മെന്റിൽ ഉൾപ്പെടാത്തവർക്കും തിരുത്തൽ നടത്താം. ജാതി സംവരണ വിവരം, ബോണസ് പോയിന്റ്, പഞ്ചായത്ത്, താലൂക്ക്, ടൈ ബ്രേക്കിന് പരിഗണിക്കുന്ന പാഠ്യേതര പ്രവർത്തന വിവരം എന്നിവ രേഖപ്പെടുത്തിയത് ശരിയാണെന്ന് ഉറപ്പാക്കണം. തെറ്റായി വിവരം നൽകിയാൽ പ്രവേശനം നിഷേധിക്കപ്പെടും. പേരിലുള്ള തെറ്റ് തിരുത്താനും അവസരമുണ്ട്. അപേക്ഷകളിലെ തെറ്റുകൾ തിരുത്താനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെന്റ്. ശനിയാഴ്‌ചയാണ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. 2.5 ലക്ഷത്തോളം പേർ ഇതിൽ ഉൾപ്പെട്ടു.
ജൂൺ രണ്ടിനാണ് ആദ്യ അലോട്ട്മെൻ്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂൺ 18ന് പ്ലസ് വൺ ക്ലാസ് ആരംഭിക്കും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും.