മലപ്പുറം: പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ ഗൂഢാലോചന ഉൾപ്പെടെയുള്ളവയിൽ അന്വേഷണം ഉണ്ടാവും.
വിദ്യാർഥിയുടെ മരണത്തിൽ 2 പേരെ അറസ്റ്റു ചെയ്തിരുന്നു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് ഇവർ കെണിയൊരുക്കിയതെന്നാണ് വിവരം. മനപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരുന്നു.
ശനിയാഴ്ച രാത്രി നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15)വാണ് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാനെത്തിയപ്പോഴായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച കെണിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. സംഭവത്തിൽ അനന്തുവിനു പുറമേ മറ്റ് 2 പേർക്കു കൂടി പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.


