കൽപ്പറ്റ: വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തിലെത്തും. നാളെ (ജൂൺ 13ന്) രാവിലെ 9.45ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശ മീറ്റിംഗിലാണ് പ്രിയങ്ക ആദ്യം പങ്കെടുക്കുക.
പിന്നീട് വണ്ടൂർ, ചൊക്കാട്ട് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറിൻ്റെ വീട് ഉച്ചയ്ക്ക് 2.15ന് എംപി സന്ദർശിക്കും. തുടർന്ന് മൂന്ന് മണിക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് നിലമ്പൂർ നിയോജക മണ്ഡലത്തിലെ മൂത്തേടത്തും, 4.15ന് നിലമ്പൂരിലും പൊതുയോഗങ്ങളിലും എം പി പങ്കെടുക്കും.
14ന് രാവിലെ 9 മണിക്ക് കൽപറ്റ എം സി എഫ് പബ്ലിക് സ്‌കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും. 11 മണിക്ക് മാനന്തവാടി നഗരസഭയുടെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും പയ്യമ്പള്ളി മുൻസിപ്പൽ സബ് ഓഫീസിൻ്റെ ഉദ്ഘാടനവും പ്രിയങ്ക ഗാന്ധി നിർവഹിക്കും. ഉച്ചയ്ക്ക് 12.45ന് നെന്മേനി ഗ്രാമപഞ്ചായത്തിലെ ആനപ്പാറ മാളികയിൽ ആസ്പിരേഷൻ ഡിസ്ട്രിക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർണമാക്കിയ സ്മാർട്ട് അങ്കണവാടി എം പി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വൈത്തിരി താലൂക്ക് ആശുപത്രിയിൽ കാൽമുട്ട് ശസ്ത്രക്രിയ നടത്തിയവരുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
ജെബി മേത്തർ എം പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഡിസ്‌പൻസറി വാഹനത്തിൻ്റെ താക്കോൽ കൈമാറ്റവും, അഡ്വ. ടി സിദ്ധിഖ് എം എൽ എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും തുക വകയിരുത്തി വാങ്ങിയ സി ആം മെഷീനും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു ശേഷം 15.45ന് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കൊടിയത്തൂരിൽ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രിയങ്ക നിർവഹിക്കും.