പ്രധാനമന്ത്രി അഹമ്മദാബാദിൽ; ആദ്യമെത്തിയത് അപകട സ്ഥലത്ത്, ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു

 

അഹമ്മദാബാദ്: എയർ ഇന്ത്യ ബോയിംഗ് 787-8 വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ ചികിത്സ തേടിയിരിക്കുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ ആശ്വസിപ്പിച്ചു.

 

കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലത്തെത്തിയിരുന്നു. അപകട വിവരം അറിഞ്ഞ സമയം തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയുമായും വ്യോമയാന മന്ത്രിയുമായും താൻ സംസാരിച്ചുവെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി അടിയന്തര രക്ഷാപ്രവർത്തനം നടത്തിയെന്നും അമിത് ഷാ പറഞ്ഞിരുന്നു. രക്ഷിക്കാൻ ഒരു അവസരവും അവിടെ ഇല്ലായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.

 

വിമാന ദുരന്തത്തിൽ 294 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദിൽ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരിൽ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു.

 

അപകടത്തിൽ പെട്ട വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 10 മെഡിക്കൽ വിദ്യാർഥികൾക്ക് പുറമെ 24 പ്രദേശവാസികളും കൊല്ലപ്പെട്ടു.

 

വ്യാഴാഴ്ച ഉച്ചയ്ക്ക് 1:40നായിരുന്നു അപകടം നടന്നത്. വിമാനം ഇടിച്ചിറങ്ങിയ കെട്ടിടം കത്തിനശിച്ചു. അപകട സ്ഥലത്തുനിന്ന് ആശുപത്രികളിലെത്തിച്ചതിൽ 80 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചറിയാനായി യാത്രക്കാരുടെ ബന്ധുക്കളിൽ നിന്ന് ഡിഎൻഎ ശേഖരിക്കുന്നുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *