ഓസ്‌ട്രേലിയൻ പൊലീസിൻ്റെ ക്രൂരതയ്ക്കിരയായി ചികിത്സയിൽ കഴിഞ്ഞ ഇന്ത്യൻ വംശജൻ മരിച്ചു

മെല്‍ബണ്‍: അറസ്റ്റിനിടെ പൊലീസ് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുകയും തല കാറിൽ ഇടിക്കുകയും ചെയ്തതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വംശജന്‍ ഓസ്ട്രേലിയയിൽ മരിച്ചു. 42കാരനായ ഗൗരവ് കുന്ദിയാണ് മരിച്ചത്. പൊലീസിന്റെ ആക്രമണത്തില്‍ ഗൗരവിന്റെ തലച്ചോറിന് സാരമായ പരിക്കേറ്റിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. രണ്ടാഴ്ചയോളമായി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഗൗരവിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

 

ഗൗരവിന്റെ മരണം കസ്റ്റഡി മരണം എന്ന നിലയില്‍ അന്വേഷിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. മേജര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് മരണകാരണവും സാഹചര്യവും വിശദമായി അന്വേഷിക്കും. ഇതിന് ശേഷം സ്റ്റേറ്റ് കോറോണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച അന്വേഷണത്തിന് പബ്ലിക് ഇന്റഗ്രിറ്റി ഓഫീസ് മേല്‍നോട്ടം വഹിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

 

ഇക്കഴിഞ്ഞ മെയ് 29ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. കിഴക്കന്‍ അഡലെയ്ഡിലെ പൊതുനിരത്തില്‍വെച്ച് ഗൗരവും പാര്‍ട്ണര്‍ അമൃത്പാല്‍ കൗറും തമ്മില്‍ തര്‍ക്കിക്കുന്നത് അതുവഴി കടന്നുപോകുകയായിരുന്ന പട്രോളിങ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഗാര്‍ഹിക പീഡനമെന്ന് കരുതിയ പൊലീസ് വിഷയത്തില്‍ ഇടപെടുകയും ഗൗരവിനെ അറസ്റ്റ് ചെയ്യാനായി കീഴ്പ്പെടുത്തുകയുമായിരുന്നു. നിലത്തുവീണ ഗൗരവിന്റെ കഴുത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കാല്‍മുട്ട് ഉപയോഗിച്ച് കുത്തിപ്പിടിച്ചു. വൈകാതെ ഇദ്ദേഹത്തിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു

 

തങ്ങള്‍ തര്‍ക്കിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു സംഭവത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച ഗൗരവിന്റെ പാര്‍ട്ണര്‍ അമൃത്പാല്‍ പറഞ്ഞത്. ഗൗരവ് മദ്യപിച്ചിരുന്നു എന്നത് ശരിയാണെന്നും എന്നാല്‍ അദ്ദേഹം തന്നെ ഉപദ്രവിച്ചിരുന്നില്ലെന്നും അമൃത്പാല്‍ പറഞ്ഞിരുന്നു. അറസ്റ്റിനിടെ ഗൗരവിന്റെ കഴുത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കാല്‍മുട്ട് കുത്തിയെന്നും അദ്ദേഹത്തിന്റെ തല പൊലീസ് ഉദ്യോഗസ്ഥന്‍ കാറില്‍ ഇടിച്ചുവെന്നും അമൃത്പാല്‍ ആരോപിച്ചിരുന്നു. അറസ്റ്റിനിടെ ഗൗരവ് അക്രമാസക്തനായെന്നായിരുന്നു പൊലീസിന്റെ വാദം. ഇതിന് പിന്നാലെ ഗൗരവ് ബോധരഹിതനായെന്നും പൊലീസ് പറഞ്ഞിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *