തിരുവനന്തപുരം: ഇനി മുതൽ വോട്ടു രേഖപ്പെടുത്താൻ പോളിംഗ് സ്റ്റേഷനുകളിൽ എത്തു ന്നവർക്ക് മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മാധ്യമങ്ങളുമായി നടത്തിയ സംവാദത്തിലാണ് കേന്ദ്ര ഇലക്‌ഷൻ ഡെപ്യൂട്ടി ഡയറക്ടർ പി. പവൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുൾപ്പെടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി ആവിഷ്കരിച്ച 23 സംരംഭങ്ങൾ യോഗത്തിൽ അദ്ദേഹം വിശദീകരിച്ചു. ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1500ൽ നിന്ന് 1200 ആയി കുറയ്ക്കും. വോട്ടെടുപ്പു ദിവസം രാഷ്ട്രീയപാർട്ടികൾ ക്രമീകരിക്കുന്ന ബൂത്തുകളുടെ ദൂര പരിധി, പ്രവേശന കവാടത്തിൽ നിന്നും 100 മീറ്റർ ആയി കുറച്ചു. വോട്ടർ സ്ലിപ്പുകൾ കൂടുതൽ സമ്മതിദായക സൗഹൃദമാക്കും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (ഇവിഎം) സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിലെ സംശയങ്ങൾ ദൂരീകരിക്കാൻ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. വോട്ടർ കാർഡ് നമ്പർ ഇരട്ടിപ്പ് പ്രശ്‌നം പരിഹരിക്കുന്നതിനായി ഓരോരുത്തർക്കും പ്രത്യേക നമ്പർ ഉള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകുന്ന നടപടികൾ കമ്മീഷൻ ആരംഭിച്ചു. ബൂത്ത്‌തല ഏജന്റുമാർക്കും ബൂത്ത് ലെവൽ ഓഫീസർമാർക്കുമുള്ള പരിശീലന പരിപാടി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന്റെ പുതിയ നിർദേശം നടപ്പിലാക്കുമ്പോൾ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാ നത്ത് 6,500 ഓളം പുതിയ പോളിംഗ് ബൂത്തുകളുണ്ടാ കാനാണ് സാധ്യതയെന്നും അതിന്റെ പരിശോധന നടക്കുകയാണന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരിച്ചു. ജൂൺ 19 ന് നടക്കുന്ന നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ ഒരു ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1200 ആയി നിജപ്പെടുത്തിയിട്ടുണ്ടന്നും ഇതനുസരിച്ച് 59 ബൂത്തു കൾ അധികമായി നിലമ്പൂരിൽ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.
മൊബൈൽ ഡെപ്പോസിറ്റ് സംവിധാനവും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.