നമ്മുടെ ആഹാര രീതിയിൽ നിന്ന് ഒരിക്കലും ഒഴിവാക്കപ്പെടാനാവാത്ത ഒരു ഭക്ഷണ പദാർത്ഥമാണ് ചേന. ഒരില മാത്രമുള്ള ഇത് കിഴങ്ങു വർഗ്ഗത്തിൽ ഉൾപ്പെട്ട പച്ചക്കറിയാണ്. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ചേന കൃഷി ചെയ്തു വരുന്നുണ്ട്. നല്ല നീർവാർച്ചയുള്ള മണ്ണാണ് ഈ കൃഷിക്ക് ഏറെ യോജിച്ചത്.
ഔഷധ ഗുണങ്ങൾ കൂടുതലാണ് ചേനയ്ക്ക്. വെള്ളക്കെട്ടില്ലാത്ത ഏതു പ്രദേശത്തും ചേന കൃഷിചെയ്യാം. കീടനാശിനിയുടെയും രാസവളത്തിന്റെയും അംശം ഇല്ലാത്ത പച്ചക്കറികളില്‍ മുമ്പനാണ് ചേന. നടാനും വളര്‍ത്താനും പ്രയാസം തീരെ കുറവ്.
ഇടവിളയായി തെങ്ങിൻ തോപ്പുകളിൽ ചേന കൃഷി ചെയ്തു അതിൽ വിജയ ഗാഥ രചിച്ച ഒട്ടേറെ കർഷകർ നമ്മുടെ കേരളത്തിൽ ഉണ്ട്. കുംഭത്തിൽ ചേന നട്ടാൽ കുടത്തോളം വരും എന്നാണ് വിശ്വാസം.
ഇനങ്ങൾ
ചേനയിൽ മികച്ച വിളവ് തരുന്ന ഇനങ്ങളാണ് ഗജേന്ദ്ര, ശ്രീ പത്മ, ശ്രീ ആതിര തുടങ്ങിയവ.
ശ്രീആതിര : ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയത്. മികച്ച സ്വാദ്. നല്ല വിളവ്.
ശ്രീപത്മ : വയനാട് ജില്ലയിലെ ഒരിനത്തിൽ നിന്നു വളർത്തിയെടുത്തത്. എട്ടു മാസം കാലാവധി. മികച്ച വിളവ്. വേവിക്കുമ്പോൾ രുചി വ്യത്യാസം വരില്ല.
ഗജേന്ദ്ര : ആന്ധ്രപ്രദേശിൽ നിന്നു വരവ്. വിളവെടുപ്പുകാലം 9 മാസം. ഈ ചേനയാണ് കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നത്. നാടൻ ചേനയെക്കാൾ പെട്ടെന്ന് വേവുകയും നാരുകൾ ഇല്ലാത്തതുമായ ചേനയാണ് ഗജേന്ദ്ര ചേന. അതുപോലെ മികച്ച വിളവും രുചിയും ഉണ്ടാകും.
അമോര്‍ഫോ ഫാലസ് കം ചാന, റോസ് അഹിവേറി എന്നിവയാണ് മറ്റിനങ്ങൾ, വയനാടന്‍ ആനച്ചേനയും കൃഷിചെയ്തുവരുന്നു. മാര്‍ക്കറ്റില്‍നിന്നുകിട്ടുന്ന മൂത്തവലിയ ചേനകളും വിത്തിനായി മാറ്റാവുന്നതാണ്.
വിത്ത് തയാറാക്കാം
നമ്മുടെ വീട്ടിൽ നിന്ന് തന്നെ ചേനയുടെ വിത്തുകൾ തയാറാക്കാം. വിളഞ്ഞ്, ഇലയും തണ്ടും വാടി ഉണങ്ങിയ ചെടികളില്‍ നിന്നാണ് വിത്തു ചേന തയ്യാറാക്കുന്നത്. ചേനയുടെ തണ്ട് നിന്ന ഭാഗത്തെ ശീര്‍ഷമായി കരുതി എല്ലാ വശങ്ങളിലേക്കും ഒരു ചാണ്‍ നീളമുള്ള ത്രികോണാകൃതിയില്‍ മുറിച്ച കഷണമാണ് നടീല്‍ വസ്തു. ചെറിയ മുഴുച്ചേനയും ചേന വിത്തും ഉപയോഗിക്കാം.
ഒരു നല്ല ചേനയില്‍ നിന്ന് 750ഗ്രാം മുതല്‍ ഒരു കിലോ വരെയുള്ള കഷണങ്ങള്‍ വിത്തിനായി എടുക്കാം. പരമ്പരാഗതമായ രീതിയിലാണെങ്കില്‍ ഈ കഷണങ്ങള്‍ ചാണകക്കുഴമ്പില്‍ മുക്കി (വേണമെങ്കില്‍ കീടനാശിനികളിലും) ഒന്നു രണ്ടാഴ്ച ഉണക്കിയെടുത്താണ് സാധാരണയായി നടീല്‍ വസ്തു തയ്യാറാക്കല്‍. ചാണകം-സ്യൂഡോമോണസ് മിശ്രിതത്തില്‍ മുക്കിയതിന് ശേഷം തണലത്തുണക്കി ചേന നടാം.
ഒരു വിത്തു ചേന ശരാശരി അരക്കിലോയെങ്കിലും ഉണ്ടെങ്കിൽ അതിൽനിന്ന് നല്ല രീതിയിലുള്ള വിളവെടുപ്പ് സാധ്യമാകൂ. ഓരോ വിത്ത് ചേന കഷണത്തിലും ഒരു മുകളം എങ്കിലും ഉണ്ടായിരിക്കണം. ഒരു കിലോ വീതമുള്ള വിത്ത് ചേനയാണ് നടന്നതെങ്കിൽ 9 മാസം കഴിയുമ്പോൾ ശരാശരി നാല് കിലോ എങ്കിലും വലുപ്പമുള്ള ചേന അതിൽ നിന്ന് ലഭ്യമാവും.
നടീൽരീതി
പ്രധാനമായും 2 സമയങ്ങളിലാണ് ചേന നടുന്നത്. കുംഭ മാസത്തിലും നനച്ചേനയായി ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലും.
എങ്കിലും കുംഭ മാസത്തിലാണ് ചേന നടാൻ ഏറ്റവും അനുയോജ്യം. കുംഭച്ചേന ഒക്ടോബർ-നവംബർ മാസങ്ങളിലാണു സാധാരണയായി വിളവെടുക്കുന്നത്. നനച്ചേനയാകട്ടെ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലും. ഓഗസ്റ്റിൽ വിളവെടുക്കണമെങ്കിൽ ജനുവരിയിൽ നടണം.
നല്ല നീർവാർച്ചയുള്ള മണ്ണാണ് ചേന കൃഷിക്ക് യോജിച്ചത്. ഇടവിളയായി തോപ്പുകളിൽ ചേന വിജയകരമായി കൃഷി ചെയ്യാം.
ആദ്യം കൃഷിയിടം കിളച്ച് കളകൾ നീക്കം ചെയ്യുക. ഇവിടെ വരികൾ തമ്മിലും ചെടികൾ തമ്മിലും 90 സെ. മീ. അകലം ഉണ്ടാകത്തക്കവിധം കുഴികൾ എടുക്കണം. കുഴികളുടെ വലുപ്പം 60 സെ.മീ. നീളവും വീതിയും 45 സെ. മീ. താഴ്ചയും വേണം. ഇതിൽ 2.5 കി.ഗ്രാം കമ്പോസ്റ്റോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ രണ്ടു കി.ഗ്രാം ചാരം എന്നിവ മേൽമണ്ണുമായി കലർത്തി കുഴിനിറയ്ക്കുക.
കാലിവളത്തോടൊപ്പം ഡൈക്കോഡർമ ചേർത്ത് രോഗപ്രതിരോധശേഷി ഉണ്ടാക്കാം. (നനവുള്ള കാലിവളവുമായി യോജിപ്പിച്ച് ഒരാഴ്ച വച്ചശേഷം വളത്തിൽ കുമിൾ വ്യാപിച്ചിരിക്കും. ഇത് കുമിൾരോഗത്തെ തടയും). അതിനുശേഷം കുഴിയുടെ മധ്യഭാഗത്തായി ചെറിയ കുഴി കൊത്തി അതിൽ വിത്തു നട്ട് മണ്ണിട്ടുമൂടി ചെറുതായി അമർത്തുക.
നട്ടതിന് ശേഷം കുഴികൾക്കു മീതെ കരിയിലയോ പച്ചിലയോ ചേർത്ത് പുതയിട്ടു കൊടുക്കണം ഒരു മാസം കൊണ്ട് ചേനയുടെ മുളപൊട്ടും. ടെറസ്സിൽ ചാക്കിൽ നടുമ്പോൾ മണ്ണും എല്ലുപൊടിയും ചാണകവും കരിയിലയും നിറയ്ക്കണം. അടിവളം നന്നായി ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു മാസത്തിന്റെ ഇടവേളയിൽ ജൈവവളം ചേർത്തുകൊടുക്കണം.
പരിചരണം
ചേന നട്ടു 20 ദിവസം കഴിഞ്ഞാലേ നന തുടങ്ങാൻ പാടുള്ളൂ. കാരണം ചേന മണ്ണിൽ ഇരുന്ന് ചുരുങ്ങി ചേരണം. അതിനുശേഷം മഴയുടെ ലഭ്യതക്കനുസരിച്ചു ഇടക്ക് നനച്ചു കൊടുക്കുന്നത് നല്ലതാണു. വെള്ളം വളരെ ആവശ്യമുള്ള കൃഷിയാണ്
നട്ട് ഒരു മാസമാകുമ്പോൾ ചേന മുളയ്ക്കാൻ തുടങ്ങും. അപ്പോൾ ചേനക്കുഴിക്കരിലൂടെ അല്പം കല്ലുപ്പ് തൂവി നനച്ചുകൊടുക്കണം. വേര് പെട്ടെന്ന് വളർന്നുവരാനാണ് അങ്ങനെ ചെയ്യുന്നത്. വളർന്നു വരുന്ന തൂമ്പിൽ ഒന്ന് മാത്രം നിലനിർത്തുക. ഒരു ചുവട്ടിൽ നിന്ന് ഒന്നിലധികം കിളിർപ്പ് വരുന്നുണ്ടെങ്കിൽ നല്ല പുഷ്ടിയുള്ള ഒന്നുമാത്രം നിർത്തി ബാക്കിയുള്ളവ മുറിച്ചു കളയണം.“`
വളപ്രയോഗം
ചേന നട്ടു മൂന്നു വട്ടമെങ്കിലും വളം നൽകണം. കിളിർത്തു വരുമ്പോൾ പച്ച ചാണകം ഇടവിട്ട് രണ്ടോ മൂന്നോ തവണ നല്കുന്നത് നല്ലതാണ്. നട്ട് ഒന്നര മാസമാവുമ്പോൾ കള നിയന്ത്രണത്തിനും ഇടയിലക്കളിനും ശേഷം പാക്യജനകം, ഭാവകം, ക്ഷാരം എന്നിവ 50:50:75 എന്ന അനുപാതത്തിൽ നല്കുന്നത് നല്ലതാണ്.
എല്ലാ 60-ാം ദിവസവും വളം ചെയ്യുകയും മണ്ണ് തണ്ടിനോടു ചേർത്ത് കൂട്ടുകയും ചെയ്യണം. ക പോസ്റ്റ്-കാലിവളം-കോഴിവളം-പച്ചില വളതൂപ്പുകൾ തുടങ്ങിയവയൊക്കെ ചേർത്തുകൊടുക്കണം. കടലപ്പിണ്ണാക്ക് പൊടിച്ചുചേർക്കാം. ചേനയുടെ വേരുകൾ മേൽമണ്ണ് ഭാഗത്താണ്. അവയ്ക്ക് ക്ഷതമില്ലാതെ ചേർത്ത് മണ്ണ് മൂടിക്കൊടുക്കണം.“`
ഗുണങ്ങൾ
ചേനയിൽ ധാരാളം മിനറൽസും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് ശരീര വളർച്ചയ്ക്കും എല്ലുകൾക്ക് ശക്തി നൽകാനും പ്രയോജനകരമാകും. അതുപോലെ തന്നെ പ്രോട്ടീൻ സമ്പുഷ്ടമാണ് ചേന. ചേനയിൽ മാത്രമല്ല, ഇതിന്റെ തണ്ടിലും ഇലയിലുമെല്ലാമുണ്ട് പ്രോട്ടീൻ. ഇതു പോലെ കൊളസ്ട്രോൾ അളവ് ചേനയിൽ തീരെ കുറവാണ്. ചീത്ത കൊളസ്ട്രോൾ ഉള്ളവരിൽ ചേന കഴിയ്ക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്.
രോഗങ്ങളും കീടങ്ങളും
മീലിമൂട്ടയാണു പ്രധാന ശത്രു. വെർട്ടിസീലിയെ ലെക്കാനി 20 ഗ്രാം ഒരു ലീറ്റർ എന്ന തോതിൽ തടം കുതിർക്കണം. കീടാക്രമണം കാണുന്നിടത്തു കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് 2 കിലോഗ്രാം സെന്റ് ഒന്നിന് എന്ന തോതിൽ ഉപയോഗിക്കാം. തണ്ടും മണ്ണും ചേരുന്ന ഭാഗത്ത് അഴുകുന്ന രോഗം
ചേനയ്ക്കുണ്ടാകാറുണ്ട്. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത ലായനി ചുവട്ടിൽ തണ്ടോടു ചേരുന്ന മണ്ണിലും തണ്ടിലും ചേർത്ത് ഒഴിച്ചു കൊടുക്കാം.“`
വിളവെടുപ്പ്
വിത്ത് നട്ട് 8 -9 മാസം കൊണ്ട് ചേന വിളവെടുക്കാനാകും. ഇലയും തണ്ടും ഉണങ്ങി തുടങ്ങുന്നതാണ് വിളവെടുപ്പ് അടുക്കാറായെന്ന സൂചന.