കോഴിക്കോട് :സ്വകാര്യ ആശുപത്രിയിൽ
മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18കാരിക്ക് നിപ ബാധിച്ചതായി സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ പരിശോധനഫലം പോസിറ്റീവാണ്. സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഫലം ഇന്ന് ലഭിക്കും. പൂനെയിലെ ലെവൽ 3 വൈറോളജി ലാബിലെ പരിശോധനക്ക് ശേഷം മാത്രമേ സ്ഥിരീകരണമാവൂ.
കഴിഞ്ഞമാസം 28നാണ് പെൺകുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. ഈ മാസം ഒന്നാം തീയതിയാണ് പെൺകുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ് മോർട്ടം നടത്തിയത്. നിപ സംശയത്തെ ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തി മറ്റ് ജീവനക്കാരും ക്വാറൻ്റിനിൽ പ്രവേശിച്ചു.
അതേസമയം, നിപ ലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്റെ ഫലം ഇന്ന് വരും. കോഴിക്കോട് ബയോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവായിരുന്നു.