പുലാമന്തോൾ(മലപ്പുറം): നീണ്ടുരുണ്ട് സ്വാദേറിയ ചോറ്. ഭംഗിയും കനവുമുള്ള അരിമണികൾ. ഇത് വേറിട്ടൊരു മട്ട അരിയാണ് – ‘ഗോപിക’. രോഗപ്രതിരോധശേഷി കൂടിയ വിത്ത്. ഒരു മീറ്ററിലധികം നീളമുള്ള വൈക്കോൽ. ഒരു കതിരിൽ 210ലധികം നെൻമണികൾ, 1000 നെൻമണികൾക്ക് 25.75 ഗ്രാം തൂക്കം. മൂന്നു വിളവിനും പറ്റും. പുലാമന്തോൾ ചോലപ്പറമ്പത്ത് ശശിധരൻ വികസിപ്പിച്ചെടുത്ത നെല്ലിനത്തിന് കേന്ദ്ര കാർഷിക മന്ത്രാലയത്തിലെ ബൗദ്ധിക സ്വത്തവകാശ സെൽ പേറ്റന്റ്.
സാധാരണ കർഷകനാണ് ചോലപ്പറമ്പത്ത് ശശിധരൻ. കൃഷിയിൽ പുതുമ തേടുന്നയാൾ. സൂര്യകാന്തിയും ചെറുപയറും ഉൾപ്പെടെയുള്ള വൈവിധ്യങ്ങളിലായിരുന്നു താത്പര്യം. ആ ഉത്സാഹമാണ് പുതുവിത്തു തേടാനും പ്രേരണയായത്. 2002 ൽ ഐശ്വര്യ, ജ്യോതി വിത്തുകൾ പ്രത്യേക പരാഗണരീതിയുപയോഗിച്ച് കൃഷി ചെയ്തായിരുന്നു തുടക്കം. എട്ടുവർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ പുതിയൊരു വിത്ത് രൂപം കൊണ്ടു. മകളുടെ പേരുമിട്ടു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കർഷകൻ നെൽവിത്ത് വികസിപ്പിച്ച് പേറ്റന്റ് നേടുന്നത്. പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രത്തിലെയും കാർഷിക സർവകലാശാലയിലെയും വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.