കോഴിക്കോട്: നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർത്ത് വീണ് അപകടം. ഇന്ന് പുലര്ച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. നാദാപുരം കല്ലാച്ചി സംസ്ഥാന പാതയിൽ. കസ്തൂരിക്കുളത്താണ് പഴക്കമുള്ള ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കമുള്ള കെട്ടിടം കനത്ത മഴയെ തുടർന്ന് തകർത്ത് വീഴുകയായിരുന്നു. ഏതാണ്ട് 50 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്.
അപകടത്തിൽ കോഴിക്കോട് ചെലവൂർ സ്വദേശി അൽഭുതകരമായി രക്ഷപ്പെട്ടു. അബ്ദുറഹ്മാൻ ഗുരുക്കൾ ആണ് രക്ഷപ്പെട്ടത്. സ്ഥലത്ത് ഉഴിച്ചിൽ കേന്ദ്രം നടത്തി വരികയായിരുന്നു അബ്ദുറഹ്മാൻ. സാധാരണയായി ജോലി കഴിഞ്ഞ് ഈ കെട്ടിടത്തിലാണ് ഇയാൾ വിശ്രമിക്കാനായി എത്താറുള്ളത്.
എന്നാൽ ഇന്നലെ ചെലവൂരിലെ വീട്ടിലേക്ക് ഇയാൾ പോയതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. സ്ഥലത്ത് ഫയർഫോഴ്സും പോലീസും എത്തി കെട്ടിടാവശിഷ്ടങ്ങൾമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.