ബ്രസീൽ : മാനവരാശിയ്ക്കെതിരായ വെല്ലുവിളിയാണ് പഹൽഗാം ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തോടുള്ള നിലപാട് സൗകര്യം അനുസരിച്ചാകരുതെന്നും എവിടെ നടന്നു എന്നത് നോക്കി നയം സ്വീകരിച്ചാൽ അത് മാനവരാശിക്കെതിരായ നിലപാടാകുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി സുരക്ഷ- സമാധാനം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെഷണില്‍ സംസാരിക്കുകയായിരുന്നു.പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്ന ബ്രിക്സ് പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഭീകരവാദത്തിന് ഇരയായവരെയും ഭീകരവാദികളേയും ഒരേ തുലാസില്‍ അളക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയുടെ വ്യക്തിത്വത്തിനും ആത്മാഭിമാനത്തിനും നേരെ ഉണ്ടായ ആക്രമണമായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.ഭീകരവാദത്തെ ഏതെങ്കിലും രാജ്യം പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണച്ചാല്‍ അതിന് കനത്ത വില നല്‍കേണ്ടി വരും. മനുഷ്യത്വം പുലരുന്നതിന് സമാധാനവും സുരക്ഷിതവുമായ അന്തരീക്ഷം ആവശ്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ബ്രിക്സ് നിര്‍ണായക പങ്കു വഹിക്കുന്നതായും പറഞ്ഞു.ഗാസയിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 17-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ബഹുസ്വരത-സാമ്പത്തികകാര്യം നിര്‍മിത ബുദ്ധി എന്നീ വിഷയങ്ങളില്‍ സംഘടിപ്പിച്ച ഔട്ട്റീച്ച് സെഷനിലും പ്രധാമന്ത്രി നരേന്ദ്ര മേദി പങ്കെടുത്തു.