സുൽത്താൻബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന നൗഷാദ് കസ്റ്റഡിയില്‍. വിദേശത്തായിരുന്ന പ്രതി ബെംഗളൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. പ്രതിയെ കസ്റ്റഡിയില്‍വാങ്ങാനായി കോഴിക്കോട്ടുനിന്നുള്ള പോലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.
ഗള്‍ഫിലായിരുന്ന നൗഷാദിനായി പോലീസ് നേരത്തേ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍വെച്ച് നൗഷാദും കൂട്ടാളികളും ഹേമചന്ദ്രനെ കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴച്ചിട്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അതേസമയം, കൊലപാതകം നടത്തിയിട്ടില്ലെന്നും ഹേമചന്ദ്രന്‍ ബത്തേരിയിലെ വീട്ടില്‍വെച്ച് ജീവനൊടുക്കിയതാണെന്നുമാണ് നൗഷാദിന്റെ വാദം. ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ ഹേമചന്ദ്രന്റെ മൃതദേഹം പിന്നീട് തമിഴ്നാട്ടിലെത്തിച്ച് കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. കേസില്‍ ജ്യോതിഷ്‌കുമാര്‍, അജേഷ്, വൈശാഖ് എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.