വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ അവസാന നിമിഷത്തിലും ശ്രമം തുടരുന്നു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ അവസാന നിമിഷത്തിലും ശ്രമം തുടരുന്നു. ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് യമൻ ജയിൽ അധികൃതരുടെ തീരുമാനം.

 

അതേ സമയം നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം മാപ്പ് നൽകാൻ തയാറാകുക മാത്രമാണ് ശിക്ഷ ഒഴിവാക്കാനുള്ള ഏകവഴിയെന്ന് കുടുംബത്തിന്‍റെ അഭിഭാഷകയായ അഡ്വ. ദീപ പറഞ്ഞു. ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരുന്നത്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. മഹ്ദിയുടെ കുടുംബത്തെ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

 

വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചതോടെ ഒരാഴ്ച മാത്രമാണ് ഇനി മോചനശ്രമങ്ങൾക്കായി ഉള്ളത്. നിലവിൽ, നിമിഷപ്രിയയ്ക്കായി നയതന്ത്ര തലത്തിൽ ഉൾപ്പടെ നടന്ന ശ്രമങ്ങൾ ഒന്നും വിജയം കണ്ടിട്ടില്ല. ദയാധനം നൽകി മോചനത്തിന് ഇപ്പോഴും അവസരമുണ്ടെന്നാണ് നിമിഷപ്രിയക്കായി യെമനിൽ നിയമനടപടികൾ ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോം പറയുന്നത്.

 

വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *