പത്തനംതിട്ട: ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്തും കൂടുതല്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരു പ്രതിയെ ജില്ലാ സൈബര്‍ ക്രൈം പോലീസ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ ചെമ്മലശ്ശേരി പോസ്റ്റില്‍ പാറക്കടവ് കണക്കാഞ്ചേരി കെ. മുഹമ്മദ് ഫവാസ് (24)ആണ് അറസ്റ്റിലായത്.
പോലീസ് ഇന്‍സ്പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ വ്യാപകമാക്കിയ അന്വേഷണത്തില്‍, പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തിരിച്ചറിഞ്ഞ് ഇയാളെ കണ്ടെത്തുകയായിരുന്നു. ജൂണ്‍ 3 ന് നോട്ടീസ് നടത്തി വിളിപ്പിക്കുകയും, തുടര്‍ന്ന് ഇന്നലെ സൈബര്‍ ക്രൈം സ്റ്റേഷനില്‍ ഹാജരായ ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ അന്വേഷണവുമായി പ്രതി സഹകരിച്ചില്ല, പിന്നീട് അറസ്റ്റ് അത്യന്താപേക്ഷിതമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ വച്ച് സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ നിയമാനുസരണം അറസ്റ്റ് ചെയ്തു.