ന്യൂഡൽഹി: രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അകടത്തിന് കാരണമായത്. ഇതിന് ഇടയാക്കിയത് എൻജിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ആയിരുന്നതിനാലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആരാണ് ഈ സ്വിച്ചുകൾ ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിൻ്റെയും താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നൽകന്നതിന്റെയും ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചു.
അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ഒരുമാസമാകുന്ന ദിവസമാണ് ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞദിവസമാണ് റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം സമർപ്പിച്ചത്.600 അടി ഉയരത്തിൽ എത്തിയപ്പോഴാണ് വിമാനത്തിന്റെ എൻജിനുകൾ പ്രവർത്തിക്കുന്നില്ല എന്ന ബോധ്യമായത്. അങ്ങനെ സംഭവിക്കുമ്പോൾ എൻജിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ പെട്ടെന്ന് ഓഫാക്കുകയും ഓണാക്കുകയുമാണ് സാധാരണ ചെയ്യുന്നത്. എന്നാൽ വിമാനം 600 അടി ഉയരത്തിൽ എത്തിയ സമയത്ത് ഈ സ്വിച്ചുകൾ കട്ട് ഓഫ് പൊസിഷനിൽ ആയിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇതാരാണ് ഓഫ് ചെയ്‌തതെന്ന് പൈലറ്റുമാർ പരസ്‌പരം ചോദിക്കുന്നത് വിമാനത്തിൽ നിന്ന് കണ്ടെടുത്ത കോക്പിറ്റ് വോയ്സ് റെക്കോർഡിൽ നിന്ന് വ്യക്തമായി.
അപകടത്തിൽ പെടുന്ന സമയത്ത് വിമാനത്തിലെ റാം എയർ ടർബൈൻ ( RAT) പ്രവർത്തിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിലെ വൈദ്യുതി, ഹൈഡ്രോളിക് സംവിധാനങ്ങൾ നിശ്ചലമാകുന്ന സാഹചര്യത്തിലാണ് RAT പ്രവർത്തിക്കുക.