ഇനിമുതല്‍ തപാല്‍ വകുപ്പും സ്മാര്‍ട്ട്. ചില സര്‍വിസുകള്‍ വീട്ടിലിരുന്ന് ചെയ്യാനും സൗകര്യം. രജിസ്‌ട്രേഡ് തപാല്‍, സ്പീഡ് പോസ്റ്റ്, പാഴ്‌സല്‍ തുടങ്ങിയ സര്‍വീസുകളാണ് ഇനി മുതല്‍ ഓണ്‍ലൈനായി ചെയ്യാന്‍ സാധിക്കുക. ഇതിനായി തപാല്‍വകുപ്പിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി.
ഏത് സര്‍വീസാണോ ബുക്ക് ചെയുന്നത്, ആ സമയത്ത് തന്നെ ബന്ധപ്പെട്ട പോസ്റ്റ്മാന് സന്ദേശം ലഭിക്കും. പോസ്റ്റ്മാന്‍ വീട്ടിലെത്തി തപാല്‍ ഉരുപ്പടി ശേഖരിക്കും. തപാല്‍ വകുപ്പ് ഇതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ ഉടന്‍ തന്നെ നടപ്പിലാക്കും.
പുതിയ പരിഷ്‌കാരത്തോടെ രജിസ്‌ട്രേഡ് തപാല്‍ ഉരുപ്പടികള്‍ മേല്‍വിലാസക്കാരന്‍ കൈപ്പറ്റിയെന്നതിന്റെ തെളിവായി ഉള്‍പ്പെടുത്തുന്ന അക്‌നോളഡ്ജ്‌മെന്റ് കാര്‍ഡ് (മടക്ക രസീത്) ഇല്ലാതാകും. ഇതിന് പകരമായി 10 രൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറി (പിഒഡി) നിലവില്‍ വരും. നിലവില്‍ സ്പീഡ് പോസ്റ്റ് സര്‍വീസിന് മാത്രമാണ് പിഒഡി ഉപയോഗിക്കുന്നത്. കൂടാതെ ഒരു മണിയോര്‍ഡര്‍ ഫോമില്‍ അയക്കാവുന്ന തുക 5000ത്തില്‍ നിന്ന് പതിനായിരമാക്കി ഉയര്‍ത്തി.
അതോടൊപ്പം തന്നെ തപാല്‍ ഉരുപ്പടികള്‍ എത്തിയതായുള്ള സന്ദേശം മേല്‍വിലാസക്കാരനും കൈമാറിയതായുള്ള സന്ദേശം അയച്ചയാള്‍ക്കും കൃത്യമായി ലഭിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനായി രണ്ടുപേരുടെയും മൊബൈല്‍ നമ്പര്‍ ഇനി മുതല്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. കടലാസില്‍ ഒപ്പിട്ട് ഉരുപ്പടി കൈപ്പറ്റുന്ന രീതി ഡിജിറ്റില്‍ സിഗ്‌നേച്ചര്‍ സംവിധാനത്തിലേക്കും മാറും.
തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തില്ലെങ്കില്‍ ‘വീട്, ഗേറ്റ് അടച്ചിട്ടിരിക്കുന്നു’ തുടങ്ങിയ കാരണങ്ങള്‍ കാണിച്ചാല്‍ അതിന് തെളിവായി മേല്‍വിലാസക്കാരന്റെ അടഞ്ഞ വീടിന്റെ ഫോട്ടോ ഡെലിവറി സ്റ്റാഫ് ആപ്പില്‍ അപ്ലോഡ് ചെയ്യണം. മേല്‍വിലാസക്കാരന്‍ ചുമതലപ്പെടുത്തിയ ആളാണ് ഉരുപ്പടി കൈപ്പറ്റുന്നതെങ്കില്‍ ആ ആളിന്റെ ഫോട്ടോയെടുക്കുന്ന രീതിയും വൈകാതെ തപാല്‍ വകുപ്പ് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.