പാലക്കാട്: പൊൽപ്പുള്ളിയിൽ കഴിഞ്ഞ ദിവസം കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു.സഹോദരങ്ങളായ എമിലീന(4) ആൽഫ്രഡ്(6) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ ഇവരുടെ അമ്മ എൽസി മാർട്ടിൻ, സഹോദരി അലീന (10) എന്നിവർ ചികിത്സയിൽ തുടരുകയാണ്.ഇതിൽ എൽസിയുടെ നില ഗുരുതരം.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ എൽസിയുടെ ഭർത്താവ് അർബുദത്തെ തുടർന്ന് 55 ദിവസം മുമ്പാണ് മരിച്ചത്. അസുഖം ബാധിച്ച് ശസ്ത്രക്രിയ നടത്തിയ എൽസി ചികിത്സയ്ക്ക് ശ്ഷം കഴിഞ്ഞ ദിവസമാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്.ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയ എൽസി മക്കൾക്കൊപ്പം പുറത്ത് പോകാൻ ഇറങ്ങവെയാണ് വീട്ടുമുറ്റത്ത് വെച്ച് കാർ പൊട്ടിത്തെറിച്ചത്. ബാറ്ററി ഷോട്ട് സർക്യൂട്ടാണ് കാർ പൊട്ടിത്തെറിക്കാൻ കാരണം എന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. കുടുംബത്തിൻ്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.