സ്കൂളുകളിൽ സമയമാറ്റം 8, 9,10 ക്ലാസ്സുകൾക്ക് മാത്രമാണ് ബാധകമാകുന്നതെന്ന് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. 38 വെള്ളിയാഴ്ചകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടർ 2025-26 മെയ് 31 ലെ സർക്കാർ ഉത്തരവ് പ്രകാരം ക്ലാസ് 1 മുതൽ ക്ലാസ് 4 വരെ 198 പ്രവർത്തി ദിനങ്ങളായി കൊണ്ടും, ക്ലാസ് 5 മുതൽ 7 വരെ 200 പ്രവർത്തി ദിനങ്ങളായി കൊണ്ടും, ക്ലാസ്സ് 8 മുതൽ 10 വരെ 204 പ്രവർത്തിദിനങ്ങളായി കൊണ്ടുമാണ് 2025-26 അക്കാദമിക് വർഷത്തെ കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അത് വ്യക്തമാക്കുന്നതിനാണ് വാർത്താസമ്മേളനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
എൽപി വിഭാഗം സ്‌കൂളുകൾക്ക് അധിക പ്രവർത്തിദിനം ഇല്ലാതെയും, യുപി വിഭാഗം സ്‌കൂളുകൾക്ക് ആഴ്ചയിൽ ആറ് പ്രവർത്തിദിനം വരാത്ത രീതിയിൽ രണ്ട് ശനിയാഴ്ചകൾ (ജൂലൈ 26, ഒക്ടോബർ 25) ഉൾപ്പെടുത്തി കൊണ്ടും, ഹൈസ്‌കൂൾ വിഭാഗം സ്‌കൂളുകൾക്ക് 6 ശനിയാഴ്ചകൾ ഉൾപ്പെടുത്തികൊണ്ടുമാണ് കലണ്ടർ തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഹൈസ്‌കൂൾ വിഭാഗം പുതുക്കിയ സമയക്രമം
(രാവിലെ 9.45 മുതൽ ഉച്ചയ്ക്ക് ശേഷം 4.15 വരെ) നേരത്തെ സ്കൂൾ സമയം മാറ്റിയപ്പോൾ ഉണ്ടാകാത്ത പ്രതിഷേധമാണ് ഇപ്പോൾ ഉണ്ടാകുന്നത്. വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടോ എന്നത് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.