ആലുവ: ആലുവയിൽ യുവാവിനെ വീടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തി. എടയപ്പുറം ചാത്തൻപുറം റോഡിൽ കൊടവത്ത് വീട്ടിൽ ഷെബീറിന്റെ മകൻ യാഫിസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവം നടന്നത്. രാത്രി ജോലി കഴിഞ്ഞ് എത്തിയ പിതാവ് ബാത്റൂമിൽ വെള്ളം പോകുന്നതിന്‍റെ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ മകനെ കഴുത്തറത്ത നിലയിൽ കാണുകയായിരുന്നു.
മൂർച്ചയുള്ള ആയുധം മൃതദേഹത്തിന്റെ അരികിൽ ഉണ്ടായിരുന്നു. ഗ്രാഫിക് ഡിസൈൻ മേഖലയിൽ ജോലിനോക്കിയിരുന്ന യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് എന്ന് കരുതുന്ന ലെറ്റർ സമീപത്തെ ടേബിളിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സാമ്പത്തിക ബാധ്യത സൂചിപ്പിക്കുന്നതായി അറിയുന്നു. രണ്ടാഴ്ച്ച മുൻപ് ഉംറക്കായി പോയ മാതാവ് താഹിറ ചൊവ്വാഴ്ച്ച രാവിലെയാണ് തിരിച്ചുവന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്.