ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷാവിധി നടപ്പാക്കുന്നത് നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച് കേന്ദ്രം. ഇന്ത്യൻ ഉദ്യോഗസ്ഥർ നിരന്തരം നടത്തിയ നീക്കങ്ങൾക്ക് ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര സർക്കാർ ഇറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. ജയിൽ ഉദ്യോഗസ്ഥരുമായും പ്രോസിക്യൂട്ടറുമായും നിരന്തരം ബന്ധപ്പെടുകയായിരുന്നുവെന്ന് കേന്ദ്രം പറയുന്നു. എന്നാൽ കുടുംബം വധശിക്ഷ മാറ്റിവയ്ക്കുന്നതിനോട് യോജിച്ചിട്ടില്ലെന്നാണ് വിവരം. കേസ് അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ യെമൻ അധികൃതർ കേസ് മാറ്റിവയ്ക്കാൻ മാത്രമാണ് സമ്മതിച്ചിരിക്കുന്നതെന്നും അറിയിച്ചു
ആക്ഷൻ കൗൺസിലാണ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചുവെന്ന് അറിയിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചര്‍ച്ചകള്‍ നടന്നിരുന്നു. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവൽ ജെറോം ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു നിമിഷപ്രിയ. നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.