ഇന്ത്യയുടെ കൗമാരതാരമായ ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ ലാസ് വേഗാസിൽ നടക്കുന്ന ഫ്രീസ്റ്റൈൽ ചെസ് ചാമ്പ്യൻഷിപ്പിൽ ലോക ഒന്നാം നമ്പർതാരമായ മാഗ്നസ് കാൾസനെ തോൽപിച്ചു. മൽസരത്തിൽ വെള്ളകരുവുമായി മുന്നേറിയ പ്രഗ്നാനന്ദ കളിയുടെ ഒരു ഘട്ടത്തിലും കാൾസന് മുന്നേറാൻ അവസരം നൽകിയില്ലെന്നത് പ്രതീക്ഷക്ക് വകനൽകുന്നു.
ബുധനാഴ്ച നടന്ന നാലാം റൗണ്ട് മൽസരത്തിലായിരുന്നു തൻ്റെ സ്ഥാനം അടയാളപ്പെടുത്തുന്ന രീതിയിലുള്ള കളിയുടെ കെട്ടഴിച്ചത്. ഇന്ത്യൻ ചെസ്സിൻ്റെ ഭാവി താരമായ 19കാരന്റെ പ്രകടനത്തിൽ നോർവീജിയൻ കൊടുങ്കാറ്റായ കാൾസൻ മുട്ടുമടക്കുകയായിരുന്നു. തുടക്കം മുതൽ മികച്ച രീതിയിൽ കളി തുടർന്ന ഇന്ത്യൻ താരം അവസാനം കളി തന്റേതാക്കുകയായിരുന്നു. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും.