തിരുവനന്തപുരം: ഒരു ലിറ്റർ കേര വെളിച്ചെണ്ണയ്ക്ക് 529 രൂപ എന്ന വില നിലവാരത്തിലെത്തിയ വിവരം കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. തേങ്ങയുടെ വിലയിലെ കുതിച്ചുചാട്ടവും വിലവർദ്ധനവിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഇതിനിടയിൽ വ്യാജനെ പിടിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് അധികൃതർ.
വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയത്. മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പനയ്‌ക്കെതിരെ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്താകെ 980 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 25 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. വിവിധ കാരണങ്ങളാല്‍ ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസ് നല്‍കി. 161 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 277 സര്‍വൈലന്‍സ് സാമ്പിളുകളും തുടര്‍ പരിശോധനകള്‍ക്കായി ശേഖരിച്ചു.