കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന് വിട നൽകി ജന്മനാട്. വിളന്തറയിലെ വീട്ടുവളപ്പിൽ മിഥുന്റെ അനുജൻ ചിതയ്ക്ക് തീകൊളുത്തി. മിഥുനെ അവസാനമായി കാണാൻ നിരവധി പേരാണ് എത്തിയത്. വിങ്ങിപ്പൊട്ടിയാണ് ഉറ്റവർ മിഥുന് അന്ത്യ ചുംബനം നൽകിയത്.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലേക്ക് എത്തിച്ചത്. അവസാനമായി മിഥുൻ സ്കൂൾ മുറ്റത്തെത്തിയപ്പോൾ അധ്യാപകരും കൂട്ടുകാരും വിങ്ങിപ്പൊട്ടി. വൻ ജനാവലിയാണ് റോഡിനിരുവശവും കണ്ണീരോടെ കാത്തുനിന്നത്. മണിക്കൂറുകൾ നീണ്ട വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം വീട്ടിലെത്തിയപ്പോൾ അവന്റെ പ്രിയപ്പെട്ടവരെല്ലാം ഉണ്ടായിരുന്നു.
വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് വീട്ടുവളപ്പിൽ ആണ് മിഥുന്റെ സംസ്കാരം നടന്നത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചപ്പോഴാണ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) വെെദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്