സുൽത്താൻബത്തേരി: ബത്തേരി നിയമസഭാ മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതിയ്ക്കായി നടത്തിവരുന്ന ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ ഫ്‌ളയര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും വിദ്യാലയങ്ങളെയും ഇന്ന് അനുമോദിക്കുന്നു. എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം എസ് സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍, പത്താം ക്ലാസിലും, പ്ലസ്ടുവിലും ഫുള്‍ എ പ്ലസ് ലഭിച്ചവര്‍, പത്തില്‍ നൂറു ശതമാനവും, പ്ലസ്ടുവിന് 80 ശതമാനത്തിനും മുകളിലും ലഭിച്ച വിദ്യാലയങ്ങള്‍ എന്നിങ്ങനെയാണ് ആദരിക്കുന്നത്.
ബത്തേരി മണ്ഡലത്തിലെ 1500 കുട്ടികള്‍ ചടങ്ങില്‍ അനുമോദനങ്ങള്‍ ഏറ്റുവാങ്ങും. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ അധ്യക്ഷതയിൽല്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സിനിമാതാരങ്ങളായ സാജു കൊടിയന്‍, പ്രമോദ് മാള, ബിജു ചാലക്കുടി എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് ജന പ്രതിനിധികളും, പി.ടി.എ ഭാരവാഹികളും, അധ്യാപകരും, വിദ്യാലയാധികൃതരും, ജില്ലയിലെ മുതിര്‍ന്ന വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.