പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. 12 പ്രധാന ബില്ലുകൾ സഭയുടെ പരിഗണനയ്ക്ക് എത്തും. ഓപ്പറേഷൻ സിന്ദൂറിനു ശേഷം നടക്കുന്ന ആദ്യ സമ്മേളനമാണ്. ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുന്നത് .
പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാർലമെന്റിൽ ആദ്യമായി ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ വരുന്ന സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. പാകിസ്താന്റെ മേൽ ഇന്ത്യ വിജയം നേടിയത് പ്രധാനമന്ത്രിയുടെ നേട്ടമായി അവതരിപ്പിയ്ക്കാനാണ് ബിജെപി സമ്മേളനത്തിൽ ശ്രമിക്കുക. സംഘർഷം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടന്നതിൽ നരേന്ദ്ര മോദി നേരിട്ട് വിശദീകരിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം.
ആദായനികുതി ഭേദഗതി നിയമം പരിശോധിക്കുന്നതിനായി രൂപീകരിച്ച സെലക്‌ട് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ഫെബ്രുവരി 13 ന് ലോക്‌സഭയിൽ അവതരിപ്പിച്ച പുതിയ ആദായനികുതി ബിൽ സെലക്‌ട് കമ്മിറ്റിക്ക് വിടുകയായിരുന്നു. ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് വർമ്മയുടെ ഇംപീച്ച്മെന്റ് എല്ലാ കക്ഷികളും ഒന്നിച്ച് തീരുമാനിക്കേണ്ട വിഷയമാണെന്നും മന്ത്രി ഇന്നലെ അറിയിച്ചിരുന്നു.
വിദ്വേഷ പ്രസംഗം നടത്തിയ ജസ്റ്റിസ് ശേഖർ യാദവിന്റെ ഇഎംപീച്ച്മെന്റും പരിഗണിക്കണമെന്നാണ് ഇൻഡ്യ സഖ്യത്തിന്റെ ആവശ്യം. ചെറിയ രാഷ്ട്രീയ പാർട്ടികൾക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കും. ബിഹാറിലെ വോട്ടർപട്ടികയിൽ തീവ്ര പരിശോധന, വിദേശനയത്തിലെ പാളിച്ച, അഹമ്മദാബാദ് വിമാനദുരന്തം എന്നിവ ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം . ലോക്‌സഭയിൽ അംഗങ്ങൾ സീറ്റിന് മുന്നിലുള്ള ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാകും ഹാജർ രേഖപ്പെടുത്തുക. ആഗസ്റ്റ് 21വരെയാണ് സമ്മേളനം. നോമിനേറ്റഡ് അംഗമായി സി. സദാനന്ദൻ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.