കൽപ്പറ്റ: നാടിന്റെ വികസനത്തിന് സംരംഭ നിക്ഷേപങ്ങള്‍ അനിവാര്യമെന്ന് താലൂക്ക്തല നിക്ഷേപ സംഗമത്തില്‍ എം.എല്‍.എ ടി സിദ്ദീഖ്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൈനാട്ടി റോയല്‍ ക്രൗണില്‍ നടത്തിയ വൈത്തിരി താലൂക്ക്തല നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭകര്‍ വ്യവസായ നിക്ഷേപ സാഹചര്യങ്ങള്‍ പ്രയോജനപ്പെടത്തി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മാതൃകയാവണം.
സംസ്ഥനത്ത് സര്‍ക്കാര്‍ നടപ്പാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റേറ്റിങിന്റെ ഭാഗമായി ലൈസന്‍സിങ് നടപടികളിലെ ഇളവുകള്‍, നിയമ ഭേദഗതി സംബന്ധിച്ച് സംരംഭകര്‍ക്ക് അറിവുണ്ടാവണം. തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ച്ഉത്പാദന ക്ഷമതയിലും പ്രതിശീര്‍ഷ വരുമാനത്തിലും വളര്‍ച്ചയുണ്ടാക്കാന്‍ സംരംഭകര്‍ക്ക് കഴിയണം. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഉത്പാദന സേവന മേഖലകളിലെ സമഗ്ര പുരോഗതി, വ്യവസായ സംരംഭകരെ കണ്ടെത്തല്‍, സംരംഭകര്‍ക്ക് പ്രചോദനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കാന്‍ സാധിക്കണമെന്നും എം.എല്‍.എ പറഞ്ഞു. വൈത്തിരി താലൂക്കില്‍ ഉത്പാദന മേഖലയില്‍ 50 കോടി നിക്ഷേപം നടത്തിയ സംരംഭകനായ എം.ടി സുധീഷിനെ എം.എല്‍.എ ആദരിച്ചു. വ്യവസായ വകുപ്പ്, ബാങ്കുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍, വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട അനുമതികള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ക്ലിയറന്‍സ് തുടങ്ങിയ വിഷയങ്ങള്‍ താലൂക്ക്തല നിക്ഷേപ സംഗമത്തില്‍ സംവദിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബി.ഗോപകുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ടി.എം മുരളീധരന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്ജ്, വൈത്തിരി താലൂക്ക് വ്യാവസായ ഓഫീസര്‍ എന്‍. അയ്യപ്പന്‍, വ്യവസായ വികസന ഓഫീസര്‍ ജി.എസ് സ്മിത എന്നിവര്‍ സംസാരിച്ചു.