മഞ്ചേരി: മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ആയ ഡോക്ടര്‍ തൂങ്ങി മരിച്ച നിലയില്‍. വളാഞ്ചേരി നടക്കാവില്‍ ഡോ.സാലിക് മുഹമ്മദിന്റെ ഭാര്യയും കല്‍പ്പകഞ്ചേരി മാമ്പ്ര ചെങ്ങണക്കാട്ടില്‍ കുഞ്ഞിപ്പോക്കരുടെ മകളുമായ ഡോ.ഫര്‍സീന(35) ആണ് അവര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചത്.
ഇന്നലെ 4.30ഓടെയാണ് സംഭവം. ആത്മഹത്യ ചെയ്യുന്നതിന്റെ സൂചനയുള്ള സന്ദേശം വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെക്കുകയും സ്റ്റാറ്റസായി പോസ്റ്റു ചെയ്യുകയും ചെയ്ത ശേഷമാണ് ആത്മഹത്യ ചെയ്തത്. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നു ജീവന്‍ രക്ഷിക്കുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ ഉച്ചക്ക് 2 വരെ ആശുപത്രിയില്‍ ഫര്‍സീന ഡ്യൂട്ടിയിലുണ്ടായിരുന്നു. അതിന് ശേഷം താമസസ്ഥലത്തെത്തിയ ഡോക്ടര്‍ ആത്മഹത്യാ സന്ദേശം വാട്ട്‌സാപ്പില്‍ പോസ്റ്റ് ചെയ്തു. ഉടന്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിലുള്ളവര്‍ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പാളിനേയും എച്ച്.ഒ.ഡിയേയും വിവരം അറിയിച്ചു.തുടര്‍ന്ന് എച്ച്.ഒ.ഡിയുടെ നിര്‍ദ്ദേശ പ്രകാരം വകുപ്പിലെ ഓര്‍ത്തോഡിസ്റ്റ് മറ്റൊരു ജീവനക്കാരനേയും കൂട്ടി ഡോക്ടറുടെ താമസ്ഥലത്തെത്തി. കെട്ടിടത്തിന്റെ ഒന്നാംനിലയിലായിരുന്നു ഡോക്ടര്‍ താമസിച്ച ഫ്‌ളാറ്റ്. അവിടെയെത്തി വാതില്‍ തട്ടി വിളിച്ചു. അവശനിലയില്‍ ഡോക്ടര്‍ തന്നെയായിരുന്നു വാതില്‍ തറന്നുനല്‍കിയത്. ഡോക്ടറോട് അവര്‍ക്കൊപ്പം മെഡിക്കല്‍ കോളജിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു.
ഇക്കാര്യം ഫോണിലൂടെ വകുപ്പ് മേധാവിയും ആ സമയം ഡോക്ടറോട് ആവശ്യപ്പെട്ടു. ശരി വരാമെന്ന് പറഞ്ഞ് ഡോക്ടര്‍ വാതില്‍ അകത്തു നിന്നും പൂട്ടി. അപ്പോഴേക്കും വിവരം അറിഞ്ഞു പൊലീസും എത്തിച്ചേര്‍ന്നു. പുറത്തുനിന്നും വിളിച്ചിട്ടും വിളികേള്‍ക്കാത്തിനെ തുടര്‍ന്ന് പൊലീസ് വാതില്‍ പൊളിച്ചു അകത്തു കടന്നു. കിടപ്പുറിയുടെ വാതിലും അകത്തുനിന്നും പൂട്ടിയിരുന്നു. അതും പൊളിച്ചു അകത്തുകടന്നെങ്കിലും ഫാനിന്റെ ഹുക്കില്‍ തുണിയില്‍ തൂങ്ങിയ നിലയിരുന്നു. ഉടന്‍ പൊലീസ് ഡോക്ടറെ എടത്തു ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു മാസം മുമ്പാണ് ഡോ.ഫര്‍സീന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും മഞ്ചേരിയിലെത്തിയത്, രണ്ടു കുട്ടികളുണ്ട്.