ന്യൂഡല്‍ഹി : ജീവനാംശമായി വലിയ തുകയും ബംഗ്ലാവും ആഡംബര കാറും ചോദിച്ച യുവതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ്.നല്ല വിദ്യാഭ്യാസമുള്ള യുവതി പണിയെടുത്ത് ജീവിക്കണമെന്ന് ചീഫ്ജസ്റ്റിസ് പറഞ്ഞു. 18 മാസത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവതിയുടെ ഹരജിയിലാണ് ജീവനാംശത്തിന്റെ ആവശ്യങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. ” നിങ്ങള്‍ പറയുന്ന വീട് മുംബൈയിലെ കല്‍പത്താരുവിലാണ്… അത് വലിയ ഒരു ബില്‍ഡേഴ്‌സിന്റെയാണ്. നിങ്ങള്‍ ഐടി പഠിച്ചയാളാണ്, എംബിഎയുമുണ്ട്
ബംഗളൂരുവിലും ഹൈദരാബാദിലും നിങ്ങളെ പോലുള്ളവരെ ജോലിയ്ക്ക് ആവശ്യമുണ്ട്…. 18 മാസം മാത്രമാണ് ബന്ധം നിന്നത്. എന്നിട്ടും നിങ്ങള്‍ക്ക് ബിഎംഡബ്ല്യു കാര്‍ വേണം ?. 18 മാസത്തെ ബന്ധത്തിനാണോ ഇത്രയും പണം ചോദിക്കുന്നത് ?”-കോടതി ചോദിച്ചു.
ഭര്‍ത്താവ് അതീവ സമ്പന്നനാണെന്നാണ് യുവതി ഇതിന് മറുപടി പറഞ്ഞത്. എന്നാല്‍, എല്ലാ കാര്യങ്ങളും ഇത്തരത്തില്‍ ചോദിച്ചു വാങ്ങുന്നത് ശരിയല്ലെന്ന് ഭര്‍ത്താവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഭര്‍ത്താവിന്റെ പിതാവിന്റെ സ്വത്തിലും യുവതി അവകാശം ചോദിച്ചതായി ചീഫ്ജസ്റ്റിസ് ചൂണ്ടിക്കാട്ടി.