പിതൃ സ്മരണയിൽ കർക്കിടക വാവുബലി ഇന്ന് .പിതൃദോഷം അകറ്റാനും പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനുമാണ് ബലിയർപ്പിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം. വാവുബലി മുടക്കുന്നവരോട് പിതൃക്കൾ കോപിക്കുന്നുവെന്നും വിശ്വാസമുണ്ട്. എള്ള്, ഉണക്കലരി, വെള്ളം, ദർഭപ്പുല്ല്, പൂക്കൾ എന്നിവയാണ് പൂജാദ്രവ്യങ്ങൾ. നദിക്കരകളിലോ ക്ഷേത്രങ്ങളിലോ പ്രത്യേകം തയ്യാറാക്കിയ ബലിത്തറകളിലോ ആണ് തർപ്പണം നടത്തി വരുന്നത്. വീട്ടുമുറ്റത്ത് ബലിയിടുന്നവരുമുണ്ട്. ഒരാളുടെ മൂന്ന് തലമുറയിലെ പിതൃക്കൾക്കാണ് തർപ്പണം ചെയ്യുന്നത്. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കടകത്തിലേത്. ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവൻമാർക്കും ഉള്ളതാണെന്നാണ് വയ്പ്.
സംസ്ഥാനത്തെങ്ങും വിവിധ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ പിതൃകർമങ്ങൾ തുടങ്ങി. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുന്നുണ്ട്.