കണ്ണൂർ: ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിലെ തളാപ്പിൽ ഒരു വീട്ടിലെ കുളിമുറിക്കുള്ളിലെ ഒരു കിണറിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഗോവിന്ദച്ചാമിയെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്.ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. പുലർച്ചെ 1.15ഓടെ ഇയാൾ ജയിൽ ചാടിയത്. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.