കൽപ്പറ്റ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് കൽപ്പറ്റ സ്വദേശിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ നൈജീരിയൻ പൗരനായ ഇക്കെണ്ണ മോസസിന് (28) 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും വിധിച്ച് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. ജഡ്ജ് എ.ബി. അനൂപാണ് വിധി പ്രസ്താവിച്ചത്.
കാനഡയിൽ മെഡിക്കൽ കോഡർ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് കൽപ്പറ്റ സ്വദേശിനിയായ യുവതിയിൽ നിന്ന് കാനഡ, യുകെ എന്നിവിടങ്ങളിലെ മൊബൈൽ നമ്പറുകൾ വഴി ബന്ധപ്പെട്ട് 18 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ചതിന് അഞ്ച് വർഷവും, കാനഡ എംബസിയുടെ വ്യാജ വിസയുൾപ്പെടെയുള്ള രേഖകൾ നിർമ്മിച്ചതിന് അഞ്ച് വർഷവും, വ്യാജരേഖകൾ ഒറിജിനലാണെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിക്ക് അയച്ചുകൊടുത്തതിന് രണ്ട് വർഷവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴയായി വിധിച്ച തുക പരാതിക്കാരിക്ക് നൽകാനും, തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിൽ പറയുന്നു. 2023 ഡിസംബറിൽ വയനാട് സൈബർ പോലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം നിഷേധിച്ച് വിചാരണ തുടരാൻ ഉത്തരവിടുകയായിരുന്നു. ഈ കേസിൽ നൂതനമായ സൈബർ സാങ്കേതിക തെളിവുകൾ സമർപ്പിക്കപ്പെട്ടതിലൂടെ, ഒരു വിദേശ പൗരൻ സൈബർ തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് ശിക്ഷിക്കപ്പെടുന്നത് അപൂർവ സംഭവമാണ്. പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എം.എ. നൗഷാദ്, അസിസ്റ്റന്റ് പ്രോസിക്യൂട്ടർമാരായ കെ.ആർ. ശ്യാം കൃഷ്ണ, അനീഷ് ജോസഫ് എന്നിവരും, കേസ് അന്വേഷണത്തിൽ സൈബർ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. കെ.എ. അബ്ദുൽ സലാമും സഹായിച്ചു.