അമ്പലവയൽ: അമ്പലവയൽ ആർഎആർഎസ്, അമ്പലവയൽ ഗ്രാമപഞ്ചായത്ത്, ഹിൽ ഫാർമേഴ്സ‌് പ്രൊഡ്യൂസേഴ്സസ് കമ്പനിയും സംയുക്തമായി നടത്തുന്ന അവക്കാഡോ ഫെസ്റ്റ് കർഷകരെ വഞ്ചിക്കാനാണെന്ന് ബിജെപി അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. 2014 ൽ അധികാരത്തിൽ വന്ന നരേന്ദ്രമോദി സർക്കാർ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി ഉൾപ്പെടുത്തി വയനാട്ടിൽ സുലഭമായ ചക്ക, ഏത്തക്ക മുതലായ കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുക വഴി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി കോടികൾ ചിലവഴിച്ച് സ്ഥാപിച്ച യന്ത്രങ്ങൾ ആർഎആർഎസിലും, കെ.വി. കെ യിലും തുരുമ്പെടുത്ത് നശിക്കുകയാണ്. ഈ ചക്ക സീസണിൽ വയനാട്ടിലെ ഒരു ചക്ക പോലും അമ്പലവയലിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നമായി മാറ്റിയിട്ടില്ല. ഈ അവസ്ഥ നിലനിൽക്കെയാണ് കർഷകരിൽ നിന്ന് 500 രൂപ തോതിൽ ഈടാക്കി കൊണ്ട് അവക്കാഡോ ഫെസ്റ്റ് നടത്തുന്നത്. ഈ അവക്കാഡോ ഫെസ്റ്റിൻ്റെ മറവിൽ കേന്ദ്ര കൃഷി മന്ത്രാലയത്തിൽ പദ്ധതികൾ സമർപ്പിച്ച് കോടികൾ തട്ടാനുള്ള ശ്രമമാണ് ആർ.എ.ആർ.എസും, ഹിൽ ഫാർമേഴ്സ‌് പ്രൊഡ്യൂസേഴ്‌സ് കമ്പനിയും ചേർന്ന് നടത്തുന്നതെന്ന് ബിജെപി അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
വാർത്താ സമ്മേളനത്തിൽ ബിജെപി ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് കവിത, അമ്പലവയൽ പഞ്ചായത്ത് പ്രസിഡണ്ട് കെ പുരുഷോത്തമ്മൻ, അനിൽ എൻ പ്രദീപ്, കെ ആർ ഷിനോജ് എന്നിവർ പങ്കെടുത്തു.