പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ അടുത്ത ഗഡു 2000 രൂപ ഓഗസ്റ്റ് രണ്ടിന് വിതരണം ചെയ്യും. കേന്ദ്രമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
2019-ൽ പദ്ധതി ആരംഭിച്ചതുമുതൽ 19 ഗഡുക്കളായി 3.69 ലക്ഷം കോടി രൂപയാണ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുള്ളത്. 20-ാം ഗഡുവായി 9.7 കോടി കർഷകർക്ക് 20,500 കോടി രൂപ കൈമാറും.
ഇന്ത്യയിലുടനീളമുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന സർക്കാർ പദ്ധതിയാണ് പിഎം-കിസാൻ. പദ്ധതിയുടെ കീഴിൽ, യോഗ്യരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപ മൂന്ന് തുല്യ ഗഡുക്കളായി ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. കർഷകരുടെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതിനും കാർഷിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും സമയബന്ധിതമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതാണ് പദ്ധതി.