കണ്ണൂര്‍: ഗല്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം. മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന്‍ എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാര്‍ കുപ്പിയില്‍ ഒളിപ്പിച്ചിരുന്നത്.
മിഥിലാജ് ഇന്ന് സൗദിയിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് വിദേശത്തുളള സുഹൃത്തിന് പോകുന്ന വഴിക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മിഥിലാജിന്റെ അയല്‍വാസി ജിസിന്‍ അച്ചാര്‍ കുപ്പി ഏല്‍പ്പിച്ചത്. കുപ്പിയുടെ സീല്‍ പൊട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മിഥിലാജ് തുറന്നുപരിശോധിച്ചപ്പോഴാണ് അച്ചാര്‍ കുപ്പിക്കുളളില്‍ ഒരു കവര്‍ കണ്ടെത്തിയത്. തുറന്നു നോക്കിയപ്പോഴാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോൾ എംഡിഎംഎ ആണെന്നും 2.6 ഗ്രാം തൂക്കമുണ്ടെന്നും കണ്ടെത്തി. 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ സ്വദേശികളായ കെ.പി.അർഷദ് (31), കെ.കെ.ശ്രീലാൽ (24), പി. ജിസിൻ എന്നിവരെ പൊലീസ് അറസ്‌റ്റു ചെയ്തു.
വിദേശത്തുളള സുഹൃത്തിന് ലഹരി എത്തിച്ചുനല്‍കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും ഈ അച്ചാര്‍ കുപ്പി വിമാനത്താവളത്തില്‍വെച്ച് പിടിക്കപ്പെട്ടിരുന്നെങ്കില്‍ മിഥിലാജിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയേനെ എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.