തൃശൂർ: മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയ്ക്ക് നേരെ പുലിയുടെ ആക്രമണം. പിതാവ് ഒച്ചവെച്ചതോടെ കുട്ടിയെ പുലി ഉപേക്ഷിച്ചതിനാൽ ദുരന്തം ഒഴിവായി. കൂട്ടിക്ക് പരുക്കേറ്റിട്ടുണ്ട്. മലക്കപ്പാറ വീരൻകുടി ഊരിലാണ് നാല് വയസുകാരന് നേരെ പുലിയുടെ ആക്രമണമുണ്ടായത്. ബേബി -രാധിക ദമ്പതികളുടെ മകനായ രാഹുലിനെയാണ് പുലി ആക്രമിച്ചത്.
വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. ശബ്‌ദം കേട്ട് പിതാവ് ഉണർന്നുനോക്കുമ്പോൾ കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുന്നത് കാണുകയായിരുന്നു. ഉടൻ തന്നെ ബഹളം വെച്ചതിനാൽ പുലി കുട്ടിയെ ഉപേക്ഷിച്ച് ഓടിപ്പോകുകയുമായിരുന്നുവെന്ന് പിതാവ് പറഞ്ഞു. പുലിയുടെ ആക്രമണത്തിൽ കുട്ടിയുടെ തലക്ക് പിറകിലായി മുറിവേറ്റിട്ടുണ്ട്. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുമായാണ്. തേയില തൊഴിലാളികളാണ് ബേബിയും രാധികയും.
വാൽപ്പാറയിൽ നാല് വയസുള്ള കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയി കൊന്ന സംഭവത്തിന്റെ ഞെട്ടൽമാറും മുൻപാണ് വീണ്ടുമൊരു സംഭവം നടന്നിരിക്കുന്നത്. ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്‌നിയാണ് അന്ന് കൊല്ലപ്പെട്ടത്. ജൂൺ 20 ന് കാണാതായ കുട്ടിയുടെ മൃതദേഹം വ്യാപക തിരച്ചിലിനു ശേഷം കണ്ടെത്തുകയായിരുന്നു