ഷാരോണ്‍ വധക്കേസിന് സമാനം, ആണ്‍ സുഹൃത്തിനെ വിഷം കൊടുത്തു കൊന്നെന്ന് സമ്മതിച്ച്‌ യുവതി; കൊലപാതക കുറ്റം ചുമത്തി

എറണാകുളം: കോതമംഗലത്ത് ആണ്‍ സുഹൃത്തിനെ വിഷം കൊടുത്തു കൊന്ന കേസില്‍ യുവതി അറസ്റ്റില്‍. കോതമംഗലം ചേലാട് സ്വദേശിനി അദീനയാണ് അറസ്റ്റില്‍ ആയത്. അൻസിലിന് കളനാശിനി കൊടുത്തെന്ന് അദീന കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മാതിരപ്പിള്ളി സ്വദേശിയായ അൻസിലാണ് വിഷമുള്ളില്‍ ചെന്ന് ചികിത്സയിലിരിക്കെ മരിച്ചത്. യുവാവിനെ ഒഴിവാക്കാൻ അദീന ആസൂത്രിതമായി കളനാശിനി നല്‍കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഷാരോണ്‍ വധക്കേസിന് സമാനമായ കൊലപാതകമാണ് കോതമംഗലത്ത് നടന്നത്. മാതിരപ്പിള്ളി കരയില്‍ മേലേത്ത് മാലില്‍ വീട്ടില്‍ അൻസില്‍ അലിയാർ എന്ന 38 വയസുകാരനെ ബുധനാഴ്ച പുലർച്ചയാണ് അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അൻസില്‍ പോലീസിനോടും ബന്ധുക്കളോടും പെണ്‍ സുഹൃത്ത് വിഷം നല്‍കിയെന്ന് പറഞ്ഞു.

ഗുരുതരാവസ്ഥയിലായിരുന്ന അൻസില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് മരിച്ചത്. പെണ്‍ സുഹൃത്ത് അദീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് ക്രൂര കൃത്യത്തിന്റെ ചുരുളഴിഞ്ഞത്. ഏറെക്കാലമായി അടുപ്പത്തിലായിരുന്ന അന്‍സിലിനെ ഒഴിവാക്കാൻ വിഷം നല്‍കുകയായിരുന്നു എന്ന് അദീന സമ്മതിച്ചു.

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ അൻസില്‍ അദീന ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ എത്തുമായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. ഇരുവർക്കും ഇടയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയതോടെ അൻസിലിനെ ഒഴിവാക്കാൻ അദീന തീരുമാനിക്കുകയായിരുന്നു. വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലക്കി നല്‍കുകയായിരുന്നു. അദീനക്കെതിരെ ആദ്യം വധശ്രമത്തിന് കേസെടുത്തെങ്കിലും അൻസിലിന്റെ മരണത്തോടെ കൊലപാതക കുറ്റം ചുമത്തി. ചേലാട് കടയില്‍ നിന്ന് കളനാശിനി വാങ്ങിയതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *