ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിൽ വൻ മുന്നേറ്റം നടത്താൻ ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട ഒരുങ്ങുകയാണ്. സെപ്റ്റംബർ 2 ന് കമ്പനി ആഗോളതലത്തിൽ തങ്ങളുടെ പുതിയ ഇലക്ട്രിക് ബൈക്ക് അനാച്ഛാദനം ചെയ്യും. ഇതിനായി ആദ്യ ടീസർ വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ടീസറിൽ, ബൈക്ക് കനത്ത കാമഫ്ലേജിൽ പൊതിഞ്ഞ് കാണിച്ചിരിക്കുന്നു.
പുറത്തുവന്നിരിക്കുന്ന ടീസറിലെ ബൈക്ക് കഴിഞ്ഞ വർഷം ഒക്ടോബറിൽ അവതരിപ്പിച്ച ഇവി ഫൺ കൺസെപ്റ്റിനോട്വളരെ സാമ്യമുള്ളതായി തോന്നുന്നു. കൺസെപ്റ്റ് അനുസരിച്ച്, ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഒരു ഇടത്തരം പെട്രോൾ ബൈക്കിന് തുല്യമായ പ്രകടനം നൽകും. അതായത്, ഇതിന്റെ പവർ ഏകദേശം 500 സിസി ബൈക്കിന് തുല്യമായിരിക്കും. ഇതിന്റെ പവർ ഔട്ട്പുട്ട് ഏകദേശം 50 bhp ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വേഗതയേറിയതും ശക്തമായതുമായ പ്രകടനത്തിന്റെ അനുഭവം നൽകാൻ കഴിയുന്ന ഹോണ്ടയുടെ ആദ്യത്തെ വലിയ ഇലക്ട്രിക് ബൈക്കായിരിക്കും ഇത്.
ഈ പുതിയ ബൈക്കിന്‍റെ ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, വലിയ ഡിജിറ്റൽ ടിഎഫ്ടി ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, ആകർഷകമായ ഡിആർഎൽ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ, ബാർ-എൻഡ് മിററുകൾ എന്നിവ ഇതിലുണ്ടാകും. ഇതിനുപുറമെ, സിംഗിൾ-സൈഡഡ് സ്വിംഗ് ആം, അൽപ്പം സ്പോർട്ടി റൈഡിംഗ് പൊസിഷൻ എന്നിവയും ദൃശ്യമാണ്. ഈ ബൈക്കിന് സിസിഎസ് 2 ചാർജിംഗ് സിസ്റ്റം ലഭിക്കുമെന്ന് ഹോണ്ട ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. അതായത്, ഇലക്ട്രിക് കാറുകൾ പോലെ ഫാസ്റ്റ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കും. ഈ പുതിയ ബൈക്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ കമ്പനി പങ്കിടും. അതേസമയം ഈ പുതിയ ബൈക്ക് ഇന്ത്യയിലേക്ക് വരാനുള്ള സാധ്യത നിലവിൽ കുറവാണ് എന്നാണ് റിപ്പോർട്ടുകൾ