പ്ലാസ്റ്റിക് നിരോധിച്ച ഹെെക്കോടതി ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി സ്റ്റേചെയ്തു. സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി പുറപ്പടുവിച്ച സ്റ്റേ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേചെയ്തത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്.

 

മൂന്നാര്‍, തേക്കടി, അതിരപ്പള്ളി, വാഗമണ്‍ തുടങ്ങി ടൂറിസ്റ്റ് കേന്ദ്രങ്ങളായ കേരളത്തിലെ പത്തോളം മലയോര മേഖലകളിലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഹൈകോടതി നിരോധനം ഏര്‍പ്പെടുത്തിയത്. ഈ നിരോധനം ചോദ്യംചെയ്ത് അന്ന പോളിമേര്‍സ് എന്ന സ്ഥാപനമാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിരോധനത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എത്തിയെങ്കിലും ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

 

 

കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്വമേധയാ കേസെടുത്ത് പരിഗണിക്കാന്‍ പ്രത്യേക ബെഞ്ചിന് രൂപം നല്‍കിയത്. 2016-ലെ ഖര മാലിന്യ പരിപാലന ചട്ടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ ബെഞ്ചിന്റെ പരിഗണനയ്ക്കായി ചീഫ് ജസ്റ്റിസ് അനുമതി നല്‍കിയിരുന്നത്. പില്‍ക്കാലത്ത് സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് എസ്.വി. ഭട്ടി ആയിരുന്നു പ്രത്യേക ബെഞ്ചിന് നേതൃത്വം നല്‍കിയിരുന്നത്.

 

എന്നാല്‍, ജസ്റ്റിസ് ഭട്ടി സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടതിന് ശേഷം രൂപീകൃതമായ പ്രത്യേക ബെഞ്ചാണ് കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് സുപ്രീം കോടതിയില്‍ കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. നിരോധന ഉത്തരവ് പുറപ്പടുവിക്കുന്നതിന് മുമ്പ് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും കേട്ടില്ലെന്നും അദ്ദേഹം വാക്കാല്‍ ചൂണ്ടിക്കാട്ടി.

 

 

തുടര്‍ന്നാണ് കേസില്‍ ഹൈക്കോടതി സ്വമേധയാ പുറപ്പടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാരിന് ഉള്‍പ്പടെ സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. അന്ന പൊളിമേര്‍സിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.ബി. കൃഷ്ണന്‍, അഭിഭാഷകന്‍ സനന്ദ് രാമകൃഷ്ണന്‍ എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.വി. സുരേന്ദ്ര നാഥ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *