തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്കൻ കടന്നലിൻ്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.
മെഷീനുപയോഗിച്ച് തെങ്ങിൽ കയറി തേങ്ങ പറിക്കുന്നതിനിടെ തെങ്ങിലുണ്ടായിരുന്ന കടന്നൽക്കൂടിളകി ജോയിയെ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് ജോയിയെ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വൈകുന്നേരത്തോടെ ശാരീരിക ബുദ്ധിമുട്ടുകൾ കുറഞ്ഞെങ്കിലും രാത്രി നില വഷളാകുകയും അർധരാത്രി പിന്നിട്ടതോടെ മരിക്കുകയുമായിരുന്നു.
ഭാര്യ: ഷൈല. മക്കൾ: ജെസ്ലിൻ ( നെഴ്‌സ്, ജെർമ്മനി), അനിഷ ( നെഴ്സസിംഗ് വിദ്യാർത്ഥിനി, ബംഗളൂരു), സെബിൻ. സംസ്ക്‌കാരം പിന്നീട് തരിയോട് സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.