നല്ലൂര്‍നാട് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കണം: ജില്ലാ ആസൂത്രണ സമിതി 

കൽപ്പറ്റ:  നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം മൂന്ന് ഷിഫ്റ്റുകളിലായി വിപുലീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം ആവശ്യപ്പെട്ടു. ഡയാലിസിസ് സെന്ററില്‍ പ്രതിമാസം 1500 ലധികം രോഗികളാണ് ചികിത്സക്കെത്തുന്നത്. യൂണിറ്റ് ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കിയാല്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ നല്‍കാന്‍ സാധിക്കുമെന്ന് ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അറിയിച്ചു. വിഷയത്തില്‍ പ്രത്യേക പരിഗണന നല്‍കി ആവശ്യമായ നടപടി സ്വീകരിക്കാന്‍ യോഗം ആവശ്യപ്പെട്ടു.

 

മഴക്കെടുതിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആളുകളെ പുനരധിവസിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഷെല്‍ട്ടര്‍ ഹോം സ്ഥാപിക്കാന്‍ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും ഓരോ പഞ്ചായത്തിനും മൂന്ന് കോടി രൂപ വീതം അനുവദിച്ചതായും തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തരമായി ഭൂമി കണ്ടെത്തി ഷെല്‍ട്ടര്‍ ഹോം നിര്‍മ്മാണം ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ യോഗത്തില്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ 15 ശതമാനം പദ്ധതി വിഹിതം മാറ്റിവെക്കാനും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി, റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററുകള്‍ സ്ഥാപിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി വെക്കക്കാനും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ 31 തദ്ദേശ സ്ഥാപനങ്ങളുടെ 2025-26 വര്‍ഷത്തെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. അതിദാരിദ്ര- മാലിന്യ നിര്‍മ്മാര്‍ജ്ജന- വിജ്ഞാന കേരള പദ്ധതികള്‍ക്കായി തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം ഉറപ്പാക്കി.

 

കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം പ്രസാദന്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, നഗരസഭാ അധ്യക്ഷന്‍മാര്‍, സെക്രട്ടറിന്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *